കർണ്ണാടക വനത്തിലെ വെടിവയ്പ്പിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു ; കണ്ണൂരിൻ്റെ വനാതിർത്തികളിൽ ജാഗ്രത ശക്തമാക്കി

കർണാടക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡറാണ് കൊല്ലപ്പെട്ടത്.

 

ഇരിട്ടി : കർണാടക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡറാണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു - ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്നാണ് വിവരം.

പൊലീസും നക്സൽ വിരുദ്ധസേനകളും സജീവമായി തെരഞ്ഞു വന്നിരുന്ന മറ്റു മൂന്ന് മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടെന്നാണ് സൂചന. ഏറ്റുമുട്ടലിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത്.

കേരളത്തിൽ നിന്ന് രണ്ടു മാസം മുമ്പാണ് ഇവർ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലും ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കേരളാ പൊലിസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സി.പി മൊയ്തീൻ ഉൾപെടെയുള്ളവർ അറസ്റ്റിലായതോടെയാണ് മറ്റുള്ളവർ കർണാടകയിലേക്ക് കടന്നത്. വിക്രം ഗൗഡയുടെ നേതൃത്വത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

 ഗൗഡയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മാവോയിസ്റ്റുകൾ തിരിച്ചടിക്കാൻ കഴിയാത്ത വിധത്തിൽ ദുർബലരാണെങ്കിലും കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ പൊലിസും തണ്ടർബോൾട്ടും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.