വീരമലക്കുന്നിൽ മണ്ണിടിച്ചിൽ: കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു
Jul 23, 2025, 13:42 IST
ചെറുവത്തൂർ : വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ബുധനാഴ്ച്ച രാവിലെയാണ് അപകടം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്.
കണ്ണൂർ ഭാഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്ന ഇടത്താണ് വീരമലക്കുന്ന് ഉള്ളത്. അതീവ ജാഗ്രത പട്ടികയിൽ നേരത്തെ തന്നെ ഇവിടം ഉൾപ്പെടുത്തിയിരുന്നു. നേരത്തെയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു ലൈനാക്കി നിർത്തിയിരുന്നു.
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് കുന്ന് ഇടിഞ്ഞുവീണത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരിക്കുകയാണ്. ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.