സിജോയുടെ തിരോധാനത്തിൻ്റെ നേരറിയാൻ കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും: ഡി എൻ എ പരിശോധന നടത്തും

വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറ ദുരൂഹതയിൽ കല്ലറ തുറന്ന് പരിശോധന നടത്താൻ പൊലിസ് തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആർ ഡി ഒയുടെ സാന്നിദ്ധ്യത്തിൽ പങ്കെടുത്ത യോഗത്തിൽ കേസെടുക്കാനും തീരുമാനിച്ചു.

 

ഇരിട്ടി: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറ ദുരൂഹതയിൽ കല്ലറ തുറന്ന് പരിശോധന നടത്താൻ പൊലിസ് തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആർ ഡി ഒയുടെ സാന്നിദ്ധ്യത്തിൽ പങ്കെടുത്ത യോഗത്തിൽ കേസെടുക്കാനും തീരുമാനിച്ചു. ഇതോടെഎഫ്ഐആർ രജിസ്റ്റർ ചെയ്തു ആർഡിഒയുടെ അനുമതി കിട്ടി കഴിഞ്ഞ സാഹചര്യത്തിൽ കല്ലറ തുറന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചുകല്ലറയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പൊലിസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പറഞ്ഞു. ദുരൂഹത നീക്കുമെന്ന് പേരാവൂർ ഡിവൈഎസ്പി വ്യക്തമാക്കി.‌

ഇരിട്ടിവാണിയപ്പാറ ഇൻഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയുടെ 38ാം നമ്പർ കല്ലറയിൽ കണ്ട പായിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യമുള്ള വസ്തു സംബന്ധിച്ചാണ് ദുരൂഹത ഉയരുന്നത്. എന്താണ് ആ വസ്തുവെന്നും നേരത്തെയുള്ള മൃതദേഹ അവശിഷ്ടമാണോയെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ദുരൂഹത ഒഴിവാകൂ. അതിനായി കല്ലറ തുറക്കേണ്ടി വരും.ഈ മാസം 13ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കാൻ കല്ലറ തുറന്നപ്പോഴാണ് സംശയാസ്പദമായ രീതിയിൽ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടത്. ശവപ്പെട്ടിക്ക് സമീപം ചെരിച്ചു വച്ച നിലയിൽ ആണ് ഇത് ഉണ്ടായിരുന്നത്. നേരത്തെ 2006ൽ മരിച്ച റോസമ്മ, 2015ൽ മരിച്ച ജെയ്‌സൺ എന്നിവരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയിൽ അടക്കിയിരുന്നത്.

ഇവിടെ മൂന്നാമത് അടക്കം ചെയ്തത് സിജോ യാണെന്ന് ഉറപ്പുവരുത്താൻ ഡി എൻ എ പരിശോധന നടത്താനാണ് തീരുമാനം.
വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട മൃതദേഹം കുറ്റ്യാടി വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിന് പിന്നാലെയാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.  ഇതു സംബന്ധിച്ച് സിജോയുടെ മാതാവ് ആനിയമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന ഡിജിപിക്കും പരാതി നൽകിയിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ റൂറൽ കമ്മിഷണറോട് അന്വേഷണത്തിന് ഉത്തരവിട്ടത്. തിങ്കളാഴ്ച്ച രാവിലെ പള്ളി കല്ലറയിലെ ദുരൂഹത നീക്കാൻ ആർ ഡി. ഒ യുടെ സാന്നിധ്യത്തിൽ പള്ളി അധികൃതർ ജനപ്രതിനിധികൾ, ഉന്നത പൊലിസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നത യോഗം ചേർന്നിരുന്നു.

കല്ലറ തുറക്കുന്നതിനുള്ള നിയമനടപടികൾ ആർ ഡി ഒ വിശദീകരിച്ചു. അടക്കം ചെയ്തത് സിജോയെയാണെന്ന് തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഈ കാര്യം അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം. കല്ലറ തുറക്കുന്ന വേളയിൽ ഫോറൻസിക് അധികൃതരും പരിശോധന നടത്തും.ഇരിട്ടിവാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിലാണ് നേരത്തെ സംസ്ക്കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തുടരുകയും പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധനകൾ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കുറ്റ്യാടി വിലങ്ങാട് നിന്നും കാണാതായ വായാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ കുടുംബം രംഗത്തെത്തുന്നത്. പത്ത് വർഷം മുമ്പ് കാണാതായ വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബമാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 2014ൽ വീട്ടുകാരുമായി വാക്കുതർക്കങ്ങളുണ്ടായതിനെത്തുടർന്ന് സിജോ സ്കറിയ വിലങ്ങാട് നിന്നും ഭാര്യക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോവുകയായിരുന്നു. 

പിന്നീട് സിജോ വിലങ്ങോടുള്ള മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. 2020 തിലാണ് സിജോയെ വാണിയപ്പാറയിലെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ യാദൃശ്ചികമായി അറിയുന്നത്. തുടർന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. വാണിയംപാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലുള്ള മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം. പുതിയ പരാതി ഉയർന്നതോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.ക്രിസ്ത്യൻ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേൽ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും സംഭവം അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസികൾ ആരോപിച്ചിരുന്നു.

എന്നാൽ പളളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് നേരത്തെ വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കിയിരുന്നു. നിയമപരമായി മുന്നോട്ടുപോകണമെന്നാണ് പളളിയുടെ നിലപാട്. 2006-ലും 2015-ലും ഈ കല്ലറയിൽ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ൽ ദുരൂഹ കല്ലറയിൽ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയിൽ എത്തി. 38-ാം നമ്പർ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് കുടുംബം അറിയിച്ചിരുന്നു. ദുരൂഹത ഉയർത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്. പ്രദേശവാസിയായ ഒരാൾ സമൂഹ മാധ്യമത്തിലൂടെയാണ് പള്ളി കല്ലറയിൽ പായയിൽ പൊതിഞ്ഞ പോസ്‌റ്റുമോർട്ടം ചെയ്ത മൃതദേഹം അടക്കം ചെയ്തെന്ന കാര്യം വെളിപെടുത്തിയത് ഇതോടെയാണ് സംഭവം വിവാദമായതും പൊലിസ് അന്വേഷണമാരംഭിച്ചതും.