പയ്യന്നൂരിൽ കളത്തിലിറങ്ങി വി. കുഞ്ഞികൃഷ്ണൻ; ആവേശം വിതറി യുഡിഎഫ്  റോഡ് ഷോ നടത്തി

യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ പ്രചാരണവുമായി രംഗത്തിറങ്ങി.സ്ഥാനാര്‍ഥിയെ ആനയിച്ച് പയ്യന്നൂര്‍ നഗരത്തില്‍ നടന്ന റോഡ് ഷോയിൽ നൂറ്കണക്കിനാളുകള്‍  പങ്കെടുത്തു.

 

പയ്യന്നൂർ: സി.പി.എം ചുവപ്പൻ കോട്ടയായ പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ പ്രചാരണവുമായി രംഗത്തിറങ്ങി.സ്ഥാനാര്‍ഥിയെ ആനയിച്ച് പയ്യന്നൂര്‍ നഗരത്തില്‍ നടന്ന റോഡ് ഷോയിൽ നൂറ്കണക്കിനാളുകള്‍  പങ്കെടുത്തു. ഡി.സി.സി പ്രസിഡൻ്റ്അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, യു.ഡി.എഫ് നേതാക്കളായ കെ.ടി. സഹദുള്ള, എം.വി. പ്രസന്നന്‍, രജിത്ത് നാറാത്ത്, അഡ്വ.ബി.എന്‍. അസ്‌കര്‍ , ജോസഫ് മുള്ളന്‍മട, ബി.സജിത്ത് ലാല്‍, എസ്.എ. ശുക്കൂര്‍ ഹാജി, എം.കെ. രാജന്‍, എ.പി. നാരായണന്‍, പി.ലളിത ടീച്ചര്‍, കെ.കെ. സുരേഷ്, വി.സി. നാരായണന്‍, അഡ്വ ഡി.കെ. ഗോപിനാഥ്, വി.പി. സുഭാഷ് , കെ.ജയരാജ്, മഹേഷ് കുന്നുമ്മല്‍, അഡ്വ. റഷീദ് കവ്വായി എന്നിവര്‍ നേതൃത്വം നൽകി. 
തുടർന്ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷം മാത്രം ജയിച്ചു വന്ന പയ്യന്നൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിനെതാഴെയിറക്കാനുള്ള അവസരമാണ് കുഞ്ഞികൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കും. അതിനാല്‍ യുഡിഎഫ് ഒറ്റക്കെട്ടായി കുഞ്ഞികൃഷ്ണനെ വിജയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയാതെ മൗനം പാലിക്കുകയാണ് സിപിഎം നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന ഒരു ചൊല്ലുണ്ട്. ഇതിന്റെ ഭാഗമായാണ് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് നേതൃത്വം എടുക്കുന്നതെന്ന് വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഒരാളുടെ പേരില്‍ നടപടി എടുത്താല്‍ അത് അവിടംകൊണ്ട് നില്‍ക്കില്ല. അതിനാലാണ് കണ്ടാല്‍ മിണ്ടേണ്ടതില്ല എന്ന അവസ്ഥയിലേക്ക് പാർട്ടി എത്തിയതെന്നും. വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പരിപാടിയിൽ എം.ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു.