കണ്ണൂർ കോർപറേഷനിൽ പയ്യാമ്പലം വിവാദം കത്തുന്നു: കോൺഗ്രസ് വിമത നേതാവിൻ്റെ ആരോപണത്തിൽ വെട്ടിലായി യു.ഡി.എഫ്

കണ്ണൂർ : യു.ഡി.എഫ് ഭരണസമിതിയെ വെട്ടിലാക്കി പയ്യാമ്പലം പൊതു ശ്മശാനത്തിലെ അഴിമതി ആരോപണം. കോൺഗ്രസ് വിമതനും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ രാഗേഷാണ് രേഖകൾ സഹിതം പയ്യാമ്പലം പൊതു ശ്മശാനത്തിൽ ശവദാഹ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ തുറന്നടിച്ചത്. 

 

കണ്ണൂർ : യു.ഡി.എഫ് ഭരണസമിതിയെ വെട്ടിലാക്കി പയ്യാമ്പലം പൊതു ശ്മശാനത്തിലെ അഴിമതി ആരോപണം. കോൺഗ്രസ് വിമതനും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ രാഗേഷാണ് രേഖകൾ സഹിതം പയ്യാമ്പലം പൊതു ശ്മശാനത്തിൽ ശവദാഹ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ തുറന്നടിച്ചത്. 

ആരോപണം എൽ.ഡി.എഫും ബി.ജെ.പിയും ഏറ്റെടുത്തതോടെ കൗൺസിൽ യോഗം ശബ്ദമുഖരിതമായി. പയ്യാമ്പലത്ത് വിറക് ഇറക്കുന്നതിലും നടത്തിപ്പിലും ക്രമക്കേടുകൾ ഉണ്ടെന്നും ആരോഗ്യകാര്യ സ്റ്റാൻഡിങ് ചെയർമാൻ എം.പി രാജേഷ് അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കോൺഗ്രസ് വിമത നേതാവിൻ്റെ ആരോപണം. ജീവനക്കാർ 13 ലക്ഷം വരെ നാലുമാസക്കാലം വരെ കൈവശം വെച്ചു പിറ്റേ ദിവസം തന്നെ പണം കോർപറേഷൻ ഓഫിസിൽ അടയ്ക്കണമെന്നാണ് ചട്ടമെങ്കിലും അതു പാലിച്ചിട്ടില്ല. 

ഇത്തരം ക്രമക്കേടുകൾ നേരത്തെ മേയറെ അറിയിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ല. അതുകൊണ്ടു അവിടെ നിന്നും പിടിച്ചെടുത്ത രേഖകൾ വിജിലൻസിന് സമർപ്പിക്കുമെന്ന് പി.കെ.രാഗേഷ് ആരോപിച്ചു. പയ്യാമ്പലം പൊതു ശ്മശാനത്തിൽ വിറകുകൾ ഇറക്കുന്നതിൻ്റെ ഭാരമോ കണക്കുകളോ സുക്ഷിച്ചിട്ടില്ല. ഇക്കാര്യത്തിൽ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളത്. 

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് അഞ്ചു ലക്ഷം രൂപ കൊടുത്തതായി കരാറുകാരൻ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. കൃത്രിമ രേഖയുണ്ടാക്കി ഇറക്കാത്ത വിറകിന് പണം തട്ടുന്നുണ്ടെന്നും ഈ കാര്യത്തിൽ കോർപറേഷൻ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും രാഗേഷ് വ്യക്തമാക്കി. എന്നാൽ പയ്യാമ്പലം പൊതു ശ്മശാനവുമായി ബന്ധപ്പട്ട ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സ്റ്റിയറിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളഅന്വേഷണ സമിതി രൂപീകരിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ യോഗത്തെ അറിയിച്ചു. 

ഇതിനു ശേഷം മാത്രമായിരിക്കും നിയമനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ഏതു ആരോപണങ്ങളും നേരിടാൻ തയ്യാറാണെന്നും കോർപറേഷൻ്റെ അഞ്ചു പൈസ താൻ അന്യായമായി കൈപ്പറ്റിയിട്ടില്ലെന്നും എം.പി രാജേഷ് പറഞ്ഞു. ഏതു അന്വേഷണവും നേരിടാൻ തയ്യാറാണ് ഈ കാര്യത്തിൽ യാതൊരു ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.