മാസപ്പടി കേസിൽ യുഡിഎഫ് സർക്കാരിന്റേത് പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാട്: പി.കെ. കൃഷ്ണദാസ്

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാസപ്പടി, ഹവാല കേസുകളിൽ പൂർണ്ണമായും സംരക്ഷിക്കുകയെന്ന നിലപാടാണ് സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ഈ  പ്രഖ്യാപിത ലക്ഷ്യമാണ് കഴിഞ്ഞ ദിവസത്തെ

 

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാസപ്പടി, ഹവാല കേസുകളിൽ പൂർണ്ണമായും സംരക്ഷിക്കുകയെന്ന നിലപാടാണ് സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ഈ  പ്രഖ്യാപിത ലക്ഷ്യമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായിരയിരിക്കുന്നതെന്നും   ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഴിമതി കേസുകളിൽ കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും തമ്മിലുണ്ടാക്കിയ ഡീൽ ഒന്നുകൂടി വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കേസുകളിൽ പിണറായിയെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി വി.ഡി. സതീശനും സിപിഎമ്മും ജനവിധിയെ അട്ടിമറിക്കുകയാണ്. സംസ്ഥാന സർക്കാർ പൂർണ്ണമായും മുൻ മുഖ്യമന്ത്രി പിണറായി വിജയനും  സിപിഎമ്മിനോടും ഒപ്പമാണ്. ഹൈക്കോടതിയിലും  സുപ്രീംകോടതിയിലും സംസ്ഥാന സർക്കാരും പിണറായി വിജയനും ഒരേ വാദമുഖമാണ് ഉന്നയിച്ചത്. ഈ കേസിൽ സംസ്ഥാന സർക്കാർ എഫ്‌ഐആർ  രജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ  ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന്  ഡിവിഷൻ ബെഞ്ചിലേക്കും  സുപ്രീംകോടതിയിലേക്കും പോകേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഐആർ രജിസ്ട്രർ ചെയ്യാൻ പാടില്ലെന്നാണ് രണ്ടു പേരുടേയും വാദം. പ്രാഥമികാന്വേഷണം നടത്തിയെ എഫ്‌ഐആർ ഇടൂവെന്നായിരുന്നു സർക്കാർ നിലപാട്. സിപിഎമ്മാവട്ടെ ഞങ്ങളെ കേട്ടശേഷം മതി എഫ്‌ഐആർ എന്നാണ് പറഞ്ഞത്.  കോടതിക്കകത്തും പുറത്തും രണ്ടുപേരുടേയും നിലപാട് ഒന്നാണ്. സാധാരണ പൗരന്മാർക്ക് പോലും ഇല്ലാത്ത എന്ത് അവകാശമാണ് മുൻ മുഖ്യമന്ത്രിക്കുളളത്. 

ഇത് പിണറായി വിജയനെ സംരക്ഷിക്കാൻ അല്ലാതെ മറ്റ് എന്തിനാണെന്ന് സർക്കാരും യുഡിഎഫ് നേതൃത്വവും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി  ഭരണമാണ് ഇപ്പോൾ നിലനിൽക്കുന്നതെങ്കിൽ പോലും അദ്ദേഹത്തിന് ഇത്രയും വലിയ അനുകൂല്യം സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുമായിരുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പു കാലത്ത് രാഹുൽ ഗാന്ധി ചോദിച്ചു എന്തു കൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്. ഇതേ കോൺഗ്രസ് നയിക്കുന്ന സർക്കാർ വിപരീത പ്രവർത്തി നടത്തുകയാണ്. നേരത്തെ പറഞ്ഞതെല്ലാം മറക്കുന്ന വി.ഡി. സതീശന് മറവി രോഗം പിടിപെട്ടിരിക്കുകയാണ്. വലിയ ഡീൽ കാരണം നഷ്ടം കേരളത്തിലെ ഖജനാവിനാണ്. കേസിൽ എന്തു സംഭവിച്ചുവെന്നത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. തുറന്നു പറയാനുളള രാഷ്ട്രീയ സത്യസന്ധതയും ധൈര്യവും പ്രകടിപ്പിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയിൽ കോൺഗ്രസിനും അഹങ്കരിക്കാനും ആഹ്ലാദിക്കാനും ഒന്നുമില്ലെന്നും ഏഫ്‌ഐആർ റദ്ദ് ചെയ്തിട്ടില്ല. ഇഡി അന്വേഷണത്തിന് കോടതി അനുമതിയും അനുവാദവുമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

മാസപ്പടി കേസ് ആട്ടിമറിക്കാൻ ശ്രമിച്ചത് പോലെ തന്നെ കിഫ്ബി കേസും ആട്ടിമറിക്കാൻ അണിയറയിൽ ശ്രമം നടന്നുവരികയാണ്. കോൺഗ്രസ്സും സിപിഎമ്മും സംസ്ഥാനത്ത് ഒന്നായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് പൂർണമായും  നിശബ്ദനാണ്. പ്രതിപക്ഷം  പൂർണ്ണമായും നിഷ്‌ക്രിയമാണ്. ബിജെപിയാണ് കേരളത്തിലെ മുഖ്യ പ്രതിപക്ഷമെന്ന് അനുദിനം തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.