കേരള ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് തുടങ്ങി
കേരള ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് ആരംഭിച്ചു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന നാലാംഘട്ട സമരത്തിന്റെ ഭാഗമായാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.
കണ്ണൂർ: കേരള ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് ആരംഭിച്ചു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന നാലാംഘട്ട സമരത്തിന്റെ ഭാഗമായാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ ജീവനക്കാർ കേരള ബാങ്ക് കണ്ണൂർ മേഖലാ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ കുടിശികയായ 39% ക്ഷാമബത്ത അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ കമ്മിറ്റിയെ ഉടൻ പ്രഖ്യാപിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി എസ് സി ക്ക് റിപോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും കേരള ബാങ്ക് മാനേജ്മെന്റും തുടർന്നു വരുന്ന നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഹഫ്സ മുസ്തഫ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് കൂവേരി, സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ രജിത്ത് നാറാത്ത്, പി പവിത്രൻ, പി സുനിൽകുമാർ ,ടി പി സാജിദ്, പി നാരായണൻ എന്നിവർ സംസാരിച്ചു. കെ പി പ്രദീപ്കുമാർ, രേഖ കുപ്പത്തി, പി മനോജ് കുമാർ, എ കെ സുധീർ, ശ്രീകുമാർ വി കെ തുടങ്ങിയവർ നേതൃത്വം നൽകി