തളിപ്പറമ്പിൽ നിർദ്ദേശകന് ഭീഷണി, ശബ്ദ സന്ദേശം പുറത്ത്

തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിയാറാം വാർഡ് തുരുത്തിയിൽ മുസ് ലിം ലീഗ് സ്ഥാനാർത്ഥിയുടെ നിർദ്ദേശകനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. സി.പി.എം

 

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിയാറാം വാർഡ് തുരുത്തിയിൽ മുസ് ലിം ലീഗ് സ്ഥാനാർത്ഥിയുടെ നിർദ്ദേശകനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. സി.പി.എം ഭീഷണിയെ തുടർന്ന് പാലക്കാട് ഉള്ള ഭാര്യ വീട്ടിലേക്ക് പോയ ശേഷം സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഭീഷണിയുടെ കാര്യം സൂചിപ്പിച്ചത്. പിന്നീട് പാലക്കാട് വച്ചും ഭീഷണി ഉയർന്നതോടെ തിരിച്ചെത്തി ഇന്നലെ പത്രികയോടൊപ്പം സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചു കൊണ്ട് ഒപ്പിട്ടത് താനല്ലെന്നും റിട്ടേണിംങ് ഓഫിസർക്ക് കത്ത് നൽകി.

എന്നാൽ ഒപ്പ് ഉള്ളത് കൊണ്ട് പത്രിക സ്വീകരിക്കുകയാണെന്ന് റിട്ടേണിംങ് ഓഫിസർ പറഞ്ഞു. ഇത് സി.പി.എം പ്രതിനിധികൾ ചോദ്യം ചെയ്തതോടെ ബഹളം നടക്കുകയും തളിപ്പറമ്പ് പൊലിസ് സ്ഥലത്ത് എത്തുകയും ചെയ്തു. പത്രിക സ്വീകരിച്ചതിനെതിരെ പരാതി നൽകുമെന്ന് സി.പി.എം പ്രതിനിധികൾ പറഞ്ഞു.

മാന്ധംകുണ്ട് വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. രമേശന് റേഷൻ കടയുടെ പേരിൽ സർക്കാരിലേക്ക് പണം അടക്കാൻ കുടിശിക ഉണ്ടെന്നത് മത്സരിക്കുന്നതിന് തടസമാണെന്ന് എൽ.ഡി.എഫ് വാദം ഉന്നയിച്ചു. എന്നാൽ ഇക്കാര്യം ബാധകമല്ലെന്നതിനാൽ പത്രിക സ്വീകരിച്ചു.