കണ്ണൂർ കാഞ്ഞിരങ്ങാട് ശ്രീവൈദ്യനാഥ ക്ഷേത്രത്തിൽ ധനു പതിനെട്ടും തിരുവാതിരയും നാളെ

വൈദ്യനാഥ സങ്കൽപ്പത്തിൽ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന്

 

 തളിപ്പറമ്പ : വൈദ്യനാഥ സങ്കൽപ്പത്തിൽ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് കേരളത്തിലെ കൈലാസം എന്നൊരു വിളിപ്പേരും കൂടിയുണ്ട്. ധനുമാസത്തിലെ രണ്ട് ദിനങ്ങൾക്ക് ക്ഷേത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ഭർതൃസൗഖ്യത്തിന് സ്ത്രീകൾ ധനുമാസത്തിലെ തിരുവാതിരയ്ക്കും അമ്മമാർ തങ്ങളുടെ കുടുംബഭദ്രതയ്ക്കായി ധനുമാസത്തിലെ 18-ാം തീയതിയും പ്രത്യേക പ്രാർത്ഥനയ്ക്കായി ക്ഷേത്രത്തിലെത്തുന്നു.

ഇന്നത്തെ മലയാള മാസത്തിലെ ഒരു ധനുമാസം 18-ാം തീയതിയാണ് മഹാഭാരതയുദ്ധത്തിൽ പാണ്ഡവസൈന്യം വിജയിച്ച വാർത്ത കുന്തീദേവി അറിഞ്ഞത് ക്ഷേത്രത്തിലെ കാഞ്ഞിരത്തറയിൽ ഇരുന്നാണ് എന്ന് ഇന്നും വിശ്വസിക്കുന്നു. 18 ദിവസം നീണ്ടു നിന്നതും 18 അക്ഷൗഹണി പടകൾ പങ്കെടുത്തതും ആയ കുരുക്ഷേത്ര യുദ്ധ വിജയം അറിഞ്ഞതിനുശേഷം  ഉപവാസം അവസാനിപ്പിക്കുന്നതിന് അന്ന് ക്ഷേത്രത്തിലെ കാഞ്ഞിരത്തിന്റെ ഇല കഴിച്ചെന്നും കാഞ്ഞിര മരത്തിന്റെ ഇലക്ക് കൈപ്പുണ്ടായില്ലെന്നും വിശ്വസിക്കുന്നു. 

ഈ വർഷത്തെ ധനു 18 ജനുവരി രണ്ടിന് ആണ്. തിരുവാതിര ജനുവരി മൂന്നിനും. തിരുവാതിര ദിവസം വിവിധ ദേശങ്ങളിൽ നിന്ന് എത്തുന്നവർ ശ്രീവൈദ്യനാഥ ക്ഷേത്രനടയിൽ തിരുവാതിര പ്രാർത്ഥനയായി അവതരിപ്പിക്കാറുണ്ട്. തിരുവാതിര ദിവസം അന്നദാനവും ഉണ്ടായിരിക്കും.