ജൈവ കൃഷിക്ക് പുതുജീവൻ;  പട്ടുവത്ത് ഔഷധ ഗ്രാമം പദ്ധതിയുടെ  മൂന്നാം ഘട്ട കുറുന്തോട്ടി കൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

കല്യാശേരി നിയോജക മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള  മൂന്നാം ഘട്ട കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് പട്ടുവത്ത് സംഘടിപ്പിച്ചു.പട്ടുവം മുറിയാത്തോട് വെച്ച്  കല്യാശേരി എം എൽ എ എം വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു.  പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 
പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. 
 

തളിപ്പറമ്പ: കല്യാശേരി നിയോജക മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള  മൂന്നാം ഘട്ട കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് പട്ടുവത്ത് സംഘടിപ്പിച്ചു.പട്ടുവം മുറിയാത്തോട് വെച്ച്  കല്യാശേരി എം എൽ എ എം വിജിൻ ഉദ്ഘാടനം നിർവ്വഹിച്ചു.  പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 
പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. കല്യാശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ സതീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ 
പി ശ്രീമതി, പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  =എം വർണ്ണ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ദാമോദരൻ, ഗ്രാമപഞ്ചായത്ത്  മെമ്പർ കെ സനൽ, പട്ടുവം കാർഷിക വികസന സമിതി അംഗങ്ങളായ ടി ലത, പി പി ദാമോദരൻ, മീത്തൽ കരുണാകരൻ, യു വി വേണു  എന്നിവർ പ്രസംഗിച്ചു.

പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ് കെ  മനോജ്കുമാർ നന്ദിയും പറഞ്ഞു. മുറിയാത്തോടെ കാവിലെ വളപ്പിൽ ശാരദ യാണ് പട്ടുവം കൃഷിഭവൻ സഹായത്തോടെ കുറുന്തോട്ടി കൃഷി ഇറക്കിയത്. ജൈവ കാർഷിക മണ്ഡലമായ കല്യാശേരിയിലെ പട്ടുവം ഗ്രാമ പഞ്ചായത്തിൽ പരമ്പരാഗത കൈപ്പാട് നെൽകൃഷി ചെയ്യുന്നത് പോലെതന്നെ കർഷകർ കുറുന്തോട്ടി കൃഷിയും ഏറ്റെടുത്തു കഴിഞ്ഞു.
ഇതിന്റെ തുടക്കം എന്ന രീതിയിൽ കഴിഞ്ഞവർഷം പൈലറ്റ് പ്രോജക്ട് ആയി കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏഴോം, കടന്നപ്പള്ളി - പാണപ്പുഴ,  കണ്ണപുരം പഞ്ചായത്തുകളിൽ  കുറുന്തോട്ടി കൃഷി ആരംഭിച്ചിരുന്നത്. 

അതിൻ്റെ  തുടർച്ചയായി മണ്ഡലത്തിലെ പട്ടുവം, മാടായി, ചെറുകുന്ന്, കുഞ്ഞിമംഗലം , കല്യാശേരി, ചെറുതാഴം  പഞ്ചായത്തുകളിലും കൃഷി വ്യാപിപ്പിച്ചു. കർഷകർ ഏറ്റെടുത്ത ഈ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് .പട്ടുവം ഗ്രാമപഞ്ചായത്തിൽ ഏഴ്  ഏക്കർ സ്ഥലത്താണ്   കൃഷി ചെയ്തിട്ടുള്ളത്.പട്ടുവം കൃഷിഭവന്റെ  നേതൃത്വത്തിലാണ്  ഈ പദ്ധതി കർഷകരിലേക്ക് എത്തിക്കുന്നത് .പട്ടുവം ഗ്രാമ പഞ്ചായത്തിലെ തരിശ് കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയാണ് കൃഷി  ആരംഭിച്ചത്.ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന കുറുന്തോട്ടി ഔഷധ നിർമ്മാണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.  ചുരുങ്ങിയ കാലയളവ് കൊണ്ട് കർഷകർക്ക് നല്ല വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 

കല്ല്യാശ്ശേരി   എം എൽ എ എം വിജിൻ്റെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പ് ,തദ്ദേശ സ്വയംഭരണ വകുപ്പ് , ഔഷധി,
മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക് കോ-ഓപ് : സൊസൈറ്റി എന്നിവയുമായി  സംയോജിപ്പിച്ചു കൊണ്ടാണ് കല്യാശേരി മണ്ഡലത്തിൽ  ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.  മണ്ഡലത്തിലെ 25 ഏക്കറിലാണ് കുറുന്തോട്ടി കൃഷി ഒരുക്കിയത്. 
വിളവെടുപ്പിന് പ്രായമായ ചെടിയിൽ നിന്നാണ് വിത്ത് ശേഖരിക്കുന്നത്. ഒരു സെൻ്റ് സ്ഥലത്ത് നിന്നും ഒരു കിലോ വിത്ത് ശേഖരിക്കാം. 
വിത്തിന് കിലോയ്ക്ക് രണ്ടായിരം രൂപ കർഷകർക്ക് ലഭിക്കും. കേരളത്തിലെ മികച്ച ജൈവ കർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്യാശേരി മണ്ഡലത്തിന് ലഭിച്ചിരുന്നു. 

കൂടുതൽ കർഷകർ കുറുന്തോട്ടി കൃഷി ചെയ്യാൻ  തലപ്പര്യത്തോടെ മുന്നോട്ട് വരുന്നുണ്ട്.  ഇടവിളയായും തനി വിളയായും കൃഷി ചെയ്യാമെന്നുള്ളതിനാൽ തന്നെ സാധ്യമായ സ്ഥലങ്ങളിലെ ല്ലാം കൃഷി വ്യാപിപ്പികുക എന്നതാണ് കൃഷിഭവൻ ലക്ഷ്യം ഇടുന്നതെന്ന് പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ് അഭിപ്രായപ്പെട്ടു .കാര്യമായ രോഗ - കീട ബാധകൾ  ഇല്ല എന്നതും കുറുന്തോട്ടി കൃഷിയുടെ സവിശേഷതയാണ്.  
കർഷകർ ഉൽപാദിപ്പിച്ചു കഴിഞ്ഞ കുറുന്തോട്ടിയും വിത്തും  മറ്റത്തൂർ ലേബർ സൊസൈറ്റി വാങ്ങി മാർക്കറ്റു ചെയ്യുന്നതിനാൽ  വിപണന കാര്യത്തിൽ യാതൊരു ആശങ്കയും കൃഷിഭവനോ കർഷകർക്കോ  ഇല്ല എന്നതാണ് പദ്ധതിയുടെ മറ്റൊരു മേന്മ.കല്യാശേരി മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും കുറുന്തോട്ടി കൃഷി പദ്ധതി നടപ്പിലാക്കിയെന്നും ലാഭകരമായ കൃഷിയാണിതെന്നും 
എം വിജിൻ എം എൽ എ പറഞ്ഞു .