തെക്കീ ബസാർ ഫ്‌ളൈ ഓവർ പദ്ധതി; നിർമ്മാണ പ്രവൃത്തി ഉടൻ ടെൻഡർ നടപടിയിലേക്ക് നീങ്ങാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദ്ദേശം
11 റോഡുകൾ ഉൾപ്പെട്ട സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പദ്ധതിയിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു
ബാക്കി റോഡുകളുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കും
കണ്ണൂർ :കണ്ണൂരിന്റെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന രണ്ട് പദ്ധതികളിൽ ഉൾപ്പെട്ട തെക്കീ ബസാർ ഫ്‌ളൈ ഓവർ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉടൻ ടെൻഡർ നടപടിയിലേക്ക് നീങ്ങാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി.
അതേസമയം, 11 റോഡുകൾ ഉൾപ്പെട്ട സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പദ്ധതിയിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. ബാക്കി റോഡുകളുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കും. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, തെക്കീ ബസാർ ഫ്‌ളൈ ഓവർ എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളുടെ പുരോഗതി അവലോകനം ചെയ്യാൻ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഗവ. പ്ലീഡർമാർ എന്നിവർ പങ്കെടുത്ത യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്നു.
കേസുകൾ ഉടൻ തീർപ്പുകൽപ്പിക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവ. അഭിഭാഷകർക്ക് നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ സ്‌പെഷൽ ഗവ. പ്ലീഡർ അഡ്വ സുധാദേവി, സീനിയർ ഗവ. പ്ലീഡർ അഡ്വ കെ വി മനോജ് കുമാർ, ഗവ. പ്ലീഡർ അഡ്വ ഇ സി ബിനീഷ്, അഡ്വ രശ്മിത രാമചന്ദ്രൻ, ആർബിഡിസികെ, കെആർഎഫ്ബി പ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു.