കണ്ണൂർ പയ്യാമ്പലത്ത് അത്യാധുനിക  ശ്മശാന നിർമ്മാണത്തിന് വഴി ഒരുങ്ങി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സർവ്വകക്ഷി യോഗം

പയ്യാമ്പലം ശ്മശാന നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ നവീകരണത്തിന് രാഷ്ട്രീയകക്ഷി ഭേദമന്യേ പിന്തുണ പ്രഖ്യാപിച്ചു. ജെമിനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ യോഗത്തിൽ പ്രദർശിപ്പിച്ചു.

 

കണ്ണൂർ: പയ്യാമ്പലം ശ്മശാന നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ നവീകരണത്തിന് രാഷ്ട്രീയകക്ഷി ഭേദമന്യേ പിന്തുണ പ്രഖ്യാപിച്ചു. ജെമിനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ യോഗത്തിൽ പ്രദർശിപ്പിച്ചു. നിലവിലെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടാത്ത രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.

പ്രധാന തീരുമാനങ്ങൾ:

പരമ്പരാഗത രീതി തുടരും: മുൻപ് ഇവിടെയും തീരദേശ മേഖലയിലെ മറ്റ് കേന്ദ്രങ്ങളിലും പ്രായോഗികമല്ലാത്തതിനാൽ ഇലക്ട്രിക് ശ്മശാനത്തിന് പകരം പരമ്പരാഗത രീതി തന്നെ തുടരും. കോർപ്പറേഷന്റെ അധീനതയിലുള്ള ചേലോറ ശ്മശാനത്തിൽ ഇലക്ട്രിക് സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പുക മലിനീകരണം കുറയ്ക്കും: നിർമ്മാണ വേളയിലും ശേഷവും വിറക്, ചിരട്ട എന്നിവയുടെ ഉപയോഗവും പുക മലിനീകരണവും പരമാവധി കുറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

സംസ്കാര ക്രമീകരണം: മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സംസ്കാരങ്ങൾ അതാത് പ്രദേശത്തെ ശ്മശാനങ്ങളിൽ തന്നെ നടത്താൻ എല്ലാവരും സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, കൗൺസിലർമാർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജെമിനി ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.