സി.ഡി.എം.ഇ.എയുടെ കീഴിലുള്ള തളിപ്പറമ്പ് സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി

സർ സയ്യിദ് കോളജ് സ്ഥാപിക്കാൻ വഖഫ് ഭൂമി വിട്ടു നൽകിയ 1966ലെ ലീസ് എഗ്രിമെൻ്റിന് നിലവിലെ നിയമപ്രകാരം സാധുതയില്ലെന്നും വഖഫിൻ്റെയും നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇവിടെ നിർമ്മാണം നടക്കുന്നതെന്നും കാണിച്ച് രണ്ട് വർഷം മുമ്പ്കെ.വി മുഹമ്മദ്കുഞ്ഞി, ബപ്പു അഷ്റഫ്, മുട്ട അഷ്റഫ് എന്നിവർ നൽകിയ ഹർജിയാണ് ട്രിബ്യൂണൽ തള്ളിയത്.
 

തളിപ്പറമ്പ്: സി.ഡി.എം.ഇ.എയുടെ കീഴിലുള്ള തളിപ്പറമ്പ് സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി. സർ സയ്യിദ് കോളജ് സ്ഥാപിക്കാൻ വഖഫ് ഭൂമി വിട്ടു നൽകിയ 1966ലെ ലീസ് എഗ്രിമെൻ്റിന് നിലവിലെ നിയമപ്രകാരം സാധുതയില്ലെന്നും വഖഫിൻ്റെയും നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇവിടെ നിർമ്മാണം നടക്കുന്നതെന്നും കാണിച്ച് രണ്ട് വർഷം മുമ്പ്കെ.വി മുഹമ്മദ്കുഞ്ഞി, ബപ്പു അഷ്റഫ്, മുട്ട അഷ്റഫ് എന്നിവർ നൽകിയ ഹർജിയാണ് ട്രിബ്യൂണൽ തള്ളിയത്. 

1966ൽ തളിപ്പറമ്പ് ജുമാ അത്ത് പള്ളി ട്രസ്റ്റിൽ നിന്നും ലീസിന് വാങ്ങിയ 25 ഏക്കർ സ്ഥലത്താണ് സി. ഡി.എം.ഇ എന്ന സംഘടന സർസയ്യിദ് കോളേജ് സ്ഥാപിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന  ന്യൂനപക്ഷ സമുദായത്തിന്   വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച കോളജ് ഇന്ന് കേരളത്തിലെ തന്നെ പ്രശസ്‌തമായ വിദ്യാഭ്യാസസ്ഥാപനമായി വളർന്നു. പുതിയ നിയമം അനുസരിച്ച് 1966ലെ ലീസ് എഗ്രിമെന്റ് നിയമപരമല്ലെന്നും വഖഫ് ബോർഡിൻ്റെയും നഗരസഭയുടെയും അനുമതിയില്ലാതെയാണ് ഇവിടെ നിർമ്മാണം നടക്കുന്നതെന്നും കാണിച്ച് രണ്ട് വർഷം മുമ്പാണ്  കെ.വി മുഹമ്മദ്കുഞ്ഞി, ബപ്പു അഷ്റഫ്,മുട്ട അഷ്റഫ് എന്നിവർ ട്രിബ്യൂണലിനെ സമീപിച്ചത്. 

തുടർന്ന് ട്രിബ്യൂണൽ താൽക്കാലികമായി കെട്ടിട നിർമ്മാണം തടഞ്ഞിരുന്നു. നഗരസഭയുടെ അനുമതി വാങ്ങി പിന്നീട് കെട്ടിട നിർമ്മാണം തുടരുകയും ചെയ്തു. ഇതുസംബന്ധിച്ച ഹർജിയാണ് ചൊവ്വാഴ്ച്ച വിശദമായ വാദത്തിനു ശേഷം ട്രിബ്യൂണൽ തള്ളിയത്. ലീസ് എഗ്രിമെന്റ് നിയമപരമാണോ എന്നതും നിർമ്മാണത്തിന് അനുമതിയുണ്ടോയെന്നും പരിശോധിക്കേണ്ടത് ഇവിടെ അല്ലെന്നും  സി.ഡി.എം.ഇ. എയുമായുള്ള ലീസിനെ ചോദ്യം ചെയ്യേണ്ടത് ജുമാഅത്ത് ട്രസ്റ്റ് ആണെന്നുമുള്ള വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്. 

1966 എഗ്രിമെൻ്റിൽ ഏർപ്പെടുമ്പോൾ തന്നെ കോളജും അനുബന്ധ കെട്ടിടങ്ങളും നിർമ്മിക്കാൻ അനുമതി ലഭിച്ചിരുന്നു, നഗരസഭയുടെ അനുമതി വൈകിയത് സ്വാഭാവിക നടപടികളുടെ ഭാഗമായായാണ്. അനുമതിക്ക് കാത്തു നിരക്കാതിരുന്നത് വിദ്യാർഥികളുടെ ആവശ്യത്തിന് പരിഗണന നൽകിയത് കൊണ്ടാണ്. ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട പതിനായിരങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ സ്ഥാപനമാണ് സർസയ്യിദ് കോളജ് എന്നും വഖഫിൻ്റെ ലക്ഷ്യത്തിൽ വരുന്ന കാര്യമാണിതെന്നുമുള്ള സി.ഡി.എം.ഇ.എയുടെ വാദവും ജില്ല ജഡ്‌ജിയുടെ ചുമതലയുള്ള ചെയർമാൻ രാജൻ തട്ടിൽ, മെമ്പർമാരായ എം. ഷുഹൈബ് എന്നിവരടങ്ങിയ ട്രിബ്യൂ ണൽ അംഗീകരിക്കുകയായിരുന്നുവെന്ന് സി.ഡി.എം.ഇ.എക്ക് വേണ്ടി ഹാജരായ അഡ്വ. പി. മുഹമ്മദ് ഹനീഫ പറഞ്ഞു. സി.ഡി.എം.ഇ.എക്ക് വേണ്ടി അഡ്വ. കെ.പി മുനാസും ഹാജരായി.