14കാരനെ വർഷങ്ങളായി പീഡിപ്പിച്ച അധ്യാപകൻ തളിപ്പറമ്പിൽ പിടിയിൽ; ഇയാൾക്കെതിരെ പരാതികളുമായി കൂടുതൽ കുട്ടികൾ രംഗത്ത്
14കാരനെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂൾ അധ്യാപകനായ പരിയാരം പൊയിലിലെ മാടാളൻ ഉമ്മർ (49) നെയാണ് തിങ്കളാഴ്ച രാത്രി തളിപ്പറമ്പ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ: 14കാരനെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂൾ അധ്യാപകനായ പരിയാരം പൊയിലിലെ മാടാളൻ ഉമ്മർ (49) നെയാണ് തിങ്കളാഴ്ച രാത്രി തളിപ്പറമ്പ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. 14 വയസുള്ള ആൺകുട്ടിയുടെ പരാതിയിൽ തളിപ്പറമ്പ പോലീസ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് അറസ്റ്റ്.
ഇയാൾ 2022 മുതൽ കുട്ടിയെ പീഡിപ്പിക്കാറുണ്ട്. വാഹനത്തിൽ വച്ചും മറ്റിടങ്ങളിൽ വച്ചും പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. കുട്ടി കൗൺസിലറോടാണ് കാര്യം വെളിപ്പെടുത്തിയത്. കൗൺസിലർ നൽകിയ വിവര പ്രകാരം നടപടികൾ പൂർത്തീകരിച്ചാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഉമ്മറിനെതിരെ മറ്റൊരു കുട്ടിയും പരാതിയുമായി മുന്നോട്ടുവന്നിരുന്നു. എന്നാൽ കുട്ടിയുടെയും രക്ഷിതാവിൻറെയും മൊഴി തളിപ്പറമ്പ പോലീസ് എടുത്തപ്പോൾ തങ്ങൾക്ക് പരാതിയില്ലെന്ന് ഇവർ അറിയിച്ചതിനെത്തുടർന്ന് കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ പരിയാരം പഞ്ചായത്തിലെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അധ്യാപകന്റെ ഫോട്ടോ സഹിതം വാർത്ത പ്രചരിച്ചിരുന്നു.
ഒരാഴ്ച അധ്യാപകൻ സ്‌കൂളിൽ എത്തിയിരുന്നില്ല. വൈകീട്ട് അറസ്റ്റ് ചെയ്ത് ഉമ്മറിനെ രാത്രി 11 മണിയോടെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് ഇയാളെ കണ്ണൂർ സ്പെഷൽ സബ് ജയിലിലടച്ചു. അതിനിടെ കൂടുതൽ കുട്ടികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.