നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാളും കെ കുഞ്ഞപ്പ സ്മാരക മിനി ഹാളും 24ന് നാടിന് സമർപ്പിക്കും

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാളും കെ കുഞ്ഞപ്പ സ്മാരക മിനി ഹാളും നാളെ നാടിന് സമർപ്പിക്കും.

 
തളിപ്പറമ്പിലെ പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് തളിപ്പറമ്പിലെ പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ പുതിയ ഹാളുകൾ.

തളിപ്പറമ്പ്: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെ കെ എൻ പരിയാരം സ്മാരക ഹാളും കെ കുഞ്ഞപ്പ സ്മാരക മിനി ഹാളും നാളെ നാടിന് സമർപ്പിക്കും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ അധ്യക്ഷതയിൽ നവീകരിച്ച കെ കെ എൻ പരിയാരം ഹാൾ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ മാസ്റ്ററും, കെ കുഞ്ഞപ്പ സ്മാരക മിനി ഹാൾ ടി കെ ഗോവിന്ദൻ മാസ്റ്ററും ഉദ്ഘാടനം ചെയ്യും.

കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും,സ്വാതന്ത്ര്യ സമര സേനാനിയും സിപിഐഎം അവിഭക്ത തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും മുൻ തളിപ്പറമ്പ് എംഎൽഎയും ആയിരുന്ന കെ കെ എൻ പരിയാരത്തിൻ്റെ സ്മരണയ്ക്കായി കാൽനൂറ്റാണ്ട് മുൻപ് പണികഴിപ്പിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ ഉദ്ഘാടനം നിർവഹിച്ച ഹാൾ കാലപ്പഴക്കം വന്നതിനാലാണ് ഇപ്പോൾ നവീകരിച്ചത്. പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയും ഇഎംഎസ് സ്മാരക ലൈബ്രറി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വഴിയുമാണ് സി പി ഐ - എം തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി ഇതിനായി ധനസമാഹരണം നടത്തിയത്.

850 പേർക്ക് ഇരിക്കാവുന്ന കെ കെ എൻ പരിയാരം ഹാളും 100 പേർക്ക് ഇരിക്കാവുന്ന കെ. കുഞ്ഞപ്പ സ്മാരക മിനി ഹാളും പൂർണമായും ശീതീകരിച്ചവയാണ്. തളിപ്പറമ്പിലെ പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് തളിപ്പറമ്പിലെ പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ പുതിയ ഹാളുകൾ.

ദേശീയ സ്വാതന്ത്ര്യ സമരത്തിലും കർഷക പോരാട്ടങ്ങളിലും തളിപ്പറമ്പിന്റെ ജ്വലിക്കുന്ന ഏടുകളായ 1940 സെപ്റ്റംബർ 15ന് നടന്ന മോറാഴ സമരം, 1930ൽ കെ കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹത്തിന് തളിപ്പറമ്പിൽ നൽകിയ സ്വീകരണം, 1939ലെ ബക്കളം പത്താം രാഷ്ട്രീയ സമ്മേളനം, പറശ്ശിനിക്കടവ് കൊവ്വലിൽ ചേർന്ന ചിറക്കൽ താലൂക്ക് കർഷക സംഘം സമ്മേളനം, കമ്മ്യുണിസ്റ്റ്കാർക്ക് നേരെ പോലീസും ഗുണ്ടകളും 1948 ൽ മാവിച്ചേരിയിൽ നടന്ന മർദ്ദനവാഴ്ച്ച എന്നിവയുടെയെല്ലാം കാലം മായ്ക്കാത്ത ഓർമ്മകളുടെ ചരിത്രം ആലേഖനം ചെയ്ത ചിത്രചുമർ എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്യും.