തളിപ്പറമ്പ് കണികുന്നിലിറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് ആദ്യഘട്ട പരിശോധന നടത്തി
തളിപ്പറമ്പ് കണികുന്നിൽ കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി രതീഷിൻ്റെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെ ഉന്നത സംഘമാണ് കാൽപ്പാടുകൾ പരിശോധിച്ചത്.
തളിപ്പറമ്പ് കണികുന്നിൽ കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി രതീഷിൻ്റെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെ ഉന്നത സംഘമാണ് കാൽപ്പാടുകൾ പരിശോധിച്ചത്. ആറുളത്തു നിന്നുമെത്തിയ ആർ.ആർ ടീം തെർമൽ ഇമേജിംങ് കാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ച് ആദ്യഘട്ട പരിശോധന പൂർത്തിയാക്കി.
പുളിമ്പറമ്പ് കണികുന്നിൽ കഴിഞ്ഞ ദിവസം നാട്ടുകാർ പുലിയെ കണ്ടെന്ന് പറയുന്ന ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയപ്പോൾ ദേശീയപാതാ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ വനം വകുപ്പ് റെയ്ഞ്ച് ഓഫിസർ പി രതീഷിൻ്റെ നേതൃത്വത്തിൽ ഉന്നത സംഘം പ്രദേശം സന്ദർശിച്ച് കാൽപ്പാടുകൾ വിശദമായി പരിശോധിച്ചാണ് ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചത്.
തളിപ്പറമ്പ് പോലീസും പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലാണ് കണികുന്നിൽ കാൽനട യാത്രക്കാർ പുലിയെ കണ്ടതായി പറയുന്നത്. തുടർന്ന് ആറളത്ത് നിന്നും ആർ.ആർ.ടിയും, ക്യാമറ ട്രാപ്പ് സംഘവും സ്ഥലത്തെത്തി. തെർമൽ ഇമേജിങ് സംവിധാനമുള്ള കാമറയുള്ള ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തി.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ പുലിയെ കണ്ടതായി പറയുന്ന പ്രദേശത്തിൻ്റെ ചുറ്റുപാടും പുലിയുള്ളതായി സൂചന ലഭിച്ചില്ലെന്നും രാത്രിയിൽ ഒരു തവണ കൂടി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുമെന്നും ആറളത്തു നിന്നും എത്തിയ ആർ.ആർ.ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ ഷൈൻ കുമാർ പറഞ്ഞു.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് നിന്നും തിങ്കളാഴ്ച്ച വൈകിട്ടോടെ എത്തുന്ന ആറ് കാമറകൾ രാത്രിയോടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച്പുലിയുടെ സഞ്ചാരപാതയും ഭക്ഷണ രീതിയും കൃത്യമായി മനസിലാക്കിയതിനു ശേഷം മാത്രമേ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുവാൻ സാധിക്കുകയുള്ളുവെന്നും പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുമെന്നും തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രതീഷ് പറഞ്ഞു.