വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവം:തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ആറളം കീഴ്പ്പള്ളി വെങ്ങാശേരി വീട്ടില്‍ വി.എം.നൗഫലെന്ന സത്താറിന്റെ(32)പേരിലാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.
തളിപ്പറമ്പ്: വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ആറളം കീഴ്പ്പള്ളി വെങ്ങാശേരി വീട്ടില്‍ വി.എം.നൗഫലെന്ന സത്താറിന്റെ(32)പേരിലാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.പറശിനിക്കടവ് കുഴിച്ചാല്‍ സ്നേക്ക് പാര്‍ക്കിന് സമീപത്തെ കൃഷ്ണംവീട്ടില്‍ കെ.സുപ്രഭയുടെ(50)പരാതിയാണ് കേസ്.
വൃക്ക രോഗിണിയായ സുപ്രഭക്ക് കിഡ്നി മാറ്റിവെക്കാനായി ദാതാവിനെ എത്തിച്ചുതരാമെന്ന് പറഞ്ഞാണ് നാല് തവണകളായി 50,000 രൂപ വീതം വാങ്ങിയത്. 30 ലക്ഷം രൂപയാണ് ആകെ ചെലവാകുമെന്ന് പറഞ്ഞത്.
2025 മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 13 വരെയുള്ള കാലയളവിലാണ് പണം കൈപ്പറ്റിയത്.എന്നാല്‍ ദാതാക്കളെ നല്‍കാതെയും പണം തിരികെ കൊടുക്കാതെയും വഞ്ചിച്ചുവെന്നാണ് പരാതി. സത്താറിനെതിരെ നേരത്തെ പരാതിയുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇരിട്ടി ആറളം മേഖലയില്‍ വൃക്കനല്‍കാനായി സന്നദ്ധരായ ചിലരുണ്ടെന്നു വിശ്വസിപ്പിക്കുകയും നേരത്തെ ഇത്തരത്തില്‍ പലതട്ടിപ്പുകളും നടത്തി പിടിയിലായവരുണ്ടെന്ന് പൊലിസ് അറിയിച്ചു. വന്‍ റാക്കറ്റു തന്നെ ഇത്തരം തട്ടിപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലിസ് നല്‍കുന്ന വിവരം. മാസങ്ങള്‍ക്ക് മറ്റൊരു കേസിൽ ഇരിട്ടി ആറളത്തു നിന്നും നൗഫൽഅറസ്റ്റിലായിരുന്നു. വൃക്ക രോഗിയെയും ചികിത്സാ സഹായ കമ്മിറ്റിയെയും വഞ്ചിച്ചു അഞ്ച് ലക്ഷം തട്ടിയതിനാണ് അറസ്റ്റുചെയ്തത്.