തളിപ്പറമ്പിൽ മത്സ്യകൃഷിക്കാരനായ റിട്ട: എസ്. ഐയുടെ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം: 2000 മത്സ്യങ്ങൾ ചത്തു
തളിപ്പറമ്പിൽ മത്സ്യ കർഷകൻ്റെ വീട്ടിൽ സാമൂഹൃദ്രോഹികളുടെ വിളയാട്ടം.
തളിപ്പറമ്പ്: തളിപ്പറമ്പിൽ മത്സ്യ കർഷകൻ്റെ വീട്ടിൽ സാമൂഹൃദ്രോഹികളുടെ വിളയാട്ടം. പുളിമ്പറമ്പ് കരിപ്പൂലിലെ റിട്ടയേഡ് എസ് ഐ ഫ്രാന്‍സിസിന്റെ വീട്ടിലാണ് സാമൂഹ്യ ദ്രോഹികളുടെ അക്രമം നടന്നത്.2019 ല്‍ മാങ്ങാട് കെ.എ.പി ക്യാമ്പില്‍ നിന്ന് എസ്.ഐയായി വിരമിച്ച ഫ്രാന്‍സിസ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച മത്സ്യകൃഷിയാണ് സാമൂഹ്യദ്രോഹികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചത്.
ആറു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ മത്സ്യകൃഷിയില്‍ ഏഴര മാസം മുന്‍പാണ് ആയിരത്തോളം ഗിഫ്റ്റ് തിലോപ്പിയ മത്സ്യത്തിന്റെ വിത്ത് ഇറക്കിയത്.ഇരുപതിനായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ജലസംഭരണിയില്‍ രണ്ടായിരത്തോളം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്.ഈ ജലസംഭരണിയിലെ മത്സ്യങ്ങളാണ് സാമൂഹ്യദ്രോഹികളുടെ അക്രമത്തിന് ഇരയായത്.പെസഹ വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയി ഏറെ വൈകിയാണ് ഫ്രാൻസിസും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയത്.പിറ്റേന്ന് ദുഃഖവെള്ളിയായതിനാൽ അതിരാവിലെതന്നെ പള്ളിയിലേക്ക് പോവുകയും ചെയ്തു.
ഉച്ചയ്ക്ക് 11.30ന് വീട്ടിലെത്തി മത്സ്യത്തിന് തീറ്റ കൊടുക്കുവാന്‍ വേണ്ടി ജല സംഭരണിക്കരികിലെത്തിയപ്പോഴാണ് ടാങ്കിലുള്ള വെള്ളം മുഴുവന്‍ തുറന്നു വിട്ട് അതിനുള്ള മുഴുവന്‍ മത്സ്യവും ചത്തുകിടക്കുന്നതായി കണ്ടത്.തലേന്ന് സന്ധ്യക്ക് വരെ നിറയെ വെള്ളം ഉണ്ടായിരുന്ന ടാങ്കിലെ വെള്ളം മുഴുവന്‍ തുറന്നുവിട്ട് മത്സ്യകൃഷി പൂര്‍ണമായും നശിപ്പിച്ച് ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കുകയായിരുന്നു. ഫ്രാന്‍സിസിൻ്റെ പരാതിയിൽ തളിപ്പറമ്പ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു .വിരമിച്ചതിന് ശേഷം പൂര്‍ണ്ണമായും കൃഷിയില്‍ ശ്രദ്ധ ചെലുത്തുന്ന ഫ്രാന്‍സിസിന് കോഴി, മുയല്‍, ആട്, മത്സ്യം, പച്ചക്കറി തുടങ്ങി നിരവധി തരത്തിലുള്ള കൃഷികളുണ്ട്. അക്രമികളെ കുറിച്ചു വിവരം ലഭിക്കാൻ പൊലിസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.