തലശ്ശേരിയെ മറന്നു ..! പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ നിന്ന് തലശ്ശേരി പുറത്ത്
പാലക്കാട് ഡിവിഷനിലെ പ്രധാന സ്റ്റേഷനായ തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചില്ല
തലശ്ശേരിയെ റെയിൽവേ മറന്നുവെന്നാണ് തലശ്ശേരി റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ ആരോപിക്കുന്നത്
തലശ്ശേരി : വിവിധ ട്രെയിനുകൾക്ക് പല സ്റ്റേഷനുകളിലുമായി 16 ഓളം പുതിയ സ്റ്റോപ്പ് അനുവദിച്ച റെയിൽവേ, പാലക്കാട് ഡിവിഷനിലെ പ്രധാന സ്റ്റേഷനായ തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചില്ല. മുഴുവൻ ട്രെയിനുകളും നിർത്താൻ യോഗ്യതയുള്ളതും എന്നാൽ ഇരുപത്തിയഞ്ചോളം ട്രെയിനുകൾ നിറുത്താതെ ഓടുന്നതുമായ സ്റ്റേഷൻ ആണ് തലശ്ശരി. തലശ്ശേരിയെ റെയിൽവേ സൗകര്യപൂർവ്വം മറന്നുവെന്നാണ് തലശ്ശേരി റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ ആരോപിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
തലശ്ശേരിയിൽ ലൂപ്പ് ലൈൻ ഉൾപ്പെടെ മാറ്റി സ്ഥാപിച്ച് മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് ഉറപ്പാക്കണം എന്ന വർഷങ്ങളായുള്ള ആവശ്യത്തെ തള്ളിക്കളയും വിധമാണ് റെയിൽേവയുടെ നടപടിയെന്നും അവർ പ്രസ്താവിച്ചു.
തൊട്ടടുത്ത വടകര സ്റ്റേഷനിൽ മൂന്നോളം ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോഴും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനായ തലശ്ശേരി പൂർണ്ണമായും അവഗണിക്കപ്പെട്ടത് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള വൻ വീഴ്ച്ചയാണെന്നും ഇത് തിരുത്തി അടിയന്തരമായി തന്നെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാനും, സ്റ്റേഷനിലെ കൂടുതൽ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാനും ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും തലശ്ശേരി റെയിൽ &റോഡ് പാസഞ്ചേഴ്സ് ഫോറം അഭ്യർത്ഥിച്ചു.