തലശേരിയിൽ പൊലിസ് റെയ്ഡിൽ  വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി

തലശേരി ടൗൺ പൊലിസ് നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി

 

61 സെൻ്റിമീറ്റർ നീളമുള്ള അഗ്രം കൂർത്ത രണ്ടു വാളുകളും 23 സെൻ്റീമീറ്റർ നീളമുള്ള എസ് രൂപത്തിലുള്ള  കത്തിയും

തലശേരി : തലശേരി ടൗൺ പൊലിസ് നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി. തിരുവങ്ങാട് മണോളി കാവിനടുത്തുള്ള വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് മാരകായുധങ്ങൾ പിടികൂടിയത്. ആർ.എസ് എസ് പ്രവർത്തകനായ രൺദീപിൻ്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ നിന്നും 61 സെൻ്റിമീറ്റർ നീളമുള്ള അഗ്രം കൂർത്ത രണ്ടു വാളുകളും 23 സെൻ്റീമീറ്റർ നീളമുള്ള എസ് രൂപത്തിലുള്ള  കത്തിയും പിടികൂടിയത്. 

തലശേരി എസ്.ഐ വി പി ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അങ്കമാലി പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൊലക്കേസിലെ പ്രതികൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തലശേരി ടൗൺ പൊലിസ് രൺദീപിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. മാരകായുധങ്ങൾ സൂക്ഷിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

രൺദീപ് ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. തലശേരി ടൗൺപൊലിസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ രൺദീപ് 'എർണാകുളം കറുകുറ്റി പാലിശേരിയിലെ രഘുവിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് രൺദീപ് ഒളിവിൽ താമസിപ്പിച്ചുവെന്ന വിവരം പൊലിസിന് ലഭിച്ചത്. 

എടക്കോട് മിച്ചഭൂമിയിൽ താമസിക്കുന്ന സതീഷിനെയും കൂട്ടുപ്രതിയെയും ഒളിവിൽ താമസിക്കാൻ സഹായിച്ചുവെന്ന വിവരം അങ്കമാലി പൊലിസാണ് ഇതു സംബന്ധിച്ചുള്ള വിവരം തലശേരി ടൗൺ പൊലിസിന് കൈമാറിയത്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.