പച്ചപ്പിന്റെ പാഠവുമായി തലശേരി എന്‍ജിനിയറിംഗ് കോളേജ്: ഹരിത കലാലയമായി സ്പീക്കർ പ്രഖ്യാപിച്ചു

തലശേരി കോളജ് ഓഫ് എന്‍ജിനിയറിംഗ് ഇനി ഹരിത കലാലയം. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഹരിത കലാലയമായി പ്രഖ്യാപിച്ചു.

 

തലശേരി : തലശേരി കോളജ് ഓഫ് എന്‍ജിനിയറിംഗ് ഇനി ഹരിത കലാലയം. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഹരിത കലാലയമായി പ്രഖ്യാപിച്ചു. വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കണമെന്നും മാലിന്യ സംസ്‌കരണത്തില്‍ കൃത്യമായ പൊതുബോധം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു. പല തരത്തിലുളള ലഹരി എല്ലാ അതിര്‍ത്തികളും കടന്ന് വീടുകളില്‍ വരെ എത്തുന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നെറ്റ് സീറോ എമിഷന്‍ സര്‍ട്ടിഫിക്കറ്റ് സ്പീക്കര്‍ പ്രകാശനം ചെയ്തു. ഇതോടെ ജില്ലയില്‍ നെറ്റ് സീറോ എമിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏക കലാലയമായി കോളജ് ഓഫ് എന്‍ജിനിയറിംഗ് തലശ്ശേരി. സംസ്ഥാനത്ത് ഏഴു കോളേജുകള്‍ക്കാണ് നെറ്റ് സീറോ എമിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവ മാതൃകാപരമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത കലാലയ പ്രഖ്യാപനം. 

ഊര്‍ജ്ജ കാര്യക്ഷമതാ നടപടികള്‍ നടപ്പിലാക്കല്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കല്‍, മാലിന്യം കുറയ്ക്കല്‍, കാര്യക്ഷമമായ മാലിന്യ സംസ്‌കരണ രീതികള്‍, സസ്യജാലങ്ങളുടെ പുനഃസ്ഥാപനത്തിലൂടെ പ്രകൃതിദത്ത കാര്‍ബണ്‍ നീക്കം ചെയ്യല്‍ എന്നിവയിലൂടെയാണ് ക്യാമ്പസ് നെറ്റ് സീറോ എമിഷന്‍നേട്ടം കൈവരിച്ചത്. 2013 മുതല്‍ ഗ്രീന്‍ ക്യാമ്പസ് ഇനിഷ്യേറ്റീവ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ക്യാമ്പസില്‍ വളര്‍ന്നുവരുന്ന ചെടികളെയും മരങ്ങളെയും തിരിച്ചറിഞ്ഞ് ശാസ്ത്രീയ നാമങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ പ്രവര്‍ത്തനം. ക്യാമ്പസില്‍ പൂര്‍ണമായും സോളാര്‍ പാനലാണ് പ്രവര്‍ത്തിക്കുന്നത്. മഴവെള്ള സംഭരണം,ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷയായി. ഹരിത കേരള മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ലത കാണി ആശയവിവരണം നടത്തി. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ: എബി ഡേവിഡ്, എന്‍സിസി അസോസിയേറ്റ് ഓഫീസര്‍ ദിനില്‍ ധനഞ്ജയന്‍, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ടി അഷിത, കോളേജ് യൂണിയന്‍ വിദുന്‍ ലാല്‍, ഗ്രീന്‍ ക്യാമ്പസ് ഇനിഷ്യേറ്റീവ് കോ ഓര്‍ഡിനേറ്റര്‍ ഡോ: ഉസ്മാന്‍ കോയ എന്നിവര്‍ പങ്കെടുത്തു.