തലശേരിയിലെ വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയിൽ
തലശേരിയിലെ വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ച ശേഷം ഒളിവിൽ കഴിഞ്ഞ സംഘം സെക്രട്ടറിയെ തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി: തലശേരിയിലെ വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ച ശേഷം ഒളിവിൽ കഴിഞ്ഞ സംഘം സെക്രട്ടറിയെ തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.അമിത പലിശ വാഗ്ദാനം നൽകി ബന്ധുക്കളടക്കം നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം സ്ഥാപനം പൂട്ടി മുങ്ങിയതായി ആരോപിക്കപ്പെടുന്ന തലശ്ശേരി വ്യാപാരി സഹകരണ സംഘം സെക്രട്ടറി കെ.സി. ജ്യോതിഷിനെയാണ് (40) രാമേശ്വരത്ത് നിന്ന് അന്വേഷണ സംഘം പിടികൂടിയത്.
തലശ്ശേരി എ എസ് പി ഡോ. നന്ദഗോപൻ്റെ നേതൃത്വത്തിൽ നടന്ന സമഗ്രമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന ജ്യോതിഷിനെ പിടികൂടിയത്.കഴിഞ്ഞ മാസം 26 മുതൽ ഒളിവിലായിരുന്ന ജ്യോതിഷ് മുംബൈയിലും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും സഞ്ചരിച്ച ശേഷമാണ് രാമേശ്വരത്ത് എത്തിയതെന്നാണ് അന്വേഷണ സംഘം നൽകുന്നവിവരം. ഇയാളെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഏകദേശം നാലര കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപണം. നിക്ഷേപകരുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിൽ നിരവധി തവണ പോലീസ് പരിശോധനയും നടത്തിയിരുന്നു.