കൈത്തറി മേഖലയിലെ മാറ്റങ്ങൾക്ക് രണ്ടാഴ്ചക്കുള്ളിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും : മന്ത്രി പി രാജീവ്
കണ്ണൂർ : കൈത്തറി മേഖല ഉൽപാദനം മുതൽ വിപണനം വരെ ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് കോൺക്ലേവിൽ ഐകകണ്‌ഠ്യേന തീരുമാനിച്ചതായി നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. സംസ്ഥാന കൈത്തറി കോൺക്ലേവിൽ നടന്ന ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൈത്തറി മേഖലയിലെ ആധുനികവത്കരണത്തിന് നേതൃത്വം നൽകാൻ കേരള ഹാന്റ്‌ലൂം ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.
ഉൽപാദനം, ഡിസൈൻ, ഫൈനാൻസ്, മാർക്കറ്റിംഗ്, സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള മേഖലകളിലെ മാറ്റങ്ങൾക്ക് ടാസ്‌ക് ഫോഴ്‌സ് നേതൃത്വം നൽകും. രണ്ടാഴ്ചക്കുള്ളിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികൾക്ക് എല്ലാ മാസവും സ്‌കൂൾ യൂണിഫോറം കൂലി ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ റിവോൾവിങ്ങ് ഫണ്ട് ആരംഭിക്കും. പ്രീമിയം ഉൽപന്നങ്ങൾ നിർമ്മിക്കാൻ സൗകര്യമുള്ള സൊസൈറ്റികളെ തെരഞ്ഞെടുത്ത് അവർക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക പിന്തുണ നൽകും. ഡിസൈൻ കാലോചിതമായി പരിഷ്‌കരിക്കാൻ വിദഗ്ധരുടെ സഹായം ഉറപ്പുവരുത്തും. കേരള കൈത്തറി ബ്രാൻഡ് വിപുലപ്പെടുത്തും.
ഭൗമസൂചിക ഉൽപന്നങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തീകരിക്കും. ഒരു വർഷത്തിനുള്ളിൽ കൈത്തറി ക്ലസ്റ്ററുകളുടെ എണ്ണം അമ്പതാക്കി ഉയർത്തും. ചെന്നെ ഐഐടി റിപ്പോർട്ട് പ്രകാരം ജോലിഭാരം ലഘൂകരിക്കുന്നതും കൈത്തറിയുടെ മൗലികത നിലനിർത്തുന്നതുമായ നവീകരിക്കണം മെഷിനറികളിൽ നടത്തും. അതിന് അനുസൂതമായ പരിശീലനം തൊഴിലാളികൾക്ക് നൽകും. നേമത്തും കണ്ണൂർ ഐഐഎച്ച്ടിയിലും സ്റ്റാർട്ടപ്പ്, ഇൻക്യുബേഷൻ സെന്റ്‌റുകൾ ആരംഭിക്കും. ഹാൻടെക്‌സ്, ഹാൻവീവ് പുന:സംഘടിപ്പിച്ച് ആധുനികവത്കരിക്കും. പ്രവർത്തന ഏകോപനത്തിന് കമ്മിറ്റി രൂപീകരിക്കും. സൊസൈറ്റികളുടെ ഉപയോഗിക്കാത്ത ഭൂമി ഉൾപ്പെടെയുള ആസ്തികൾ വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സംഘങ്ങൾക്ക് അനുമതി നൽകും. തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കുന്നതിന് സംഘങ്ങൾ സ്വീകരിക്കുന്ന പ്രവൃത്തികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
കൈത്തറി കോൺക്ലേവ് സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിച്ച് മേഖലയെ കാലോചിതമായി ശക്തിപ്പെടുത്തുന്നതിനുമുള്ള യജ്ഞത്തിന്റെ ഭാഗമാണ് കോൺക്ലേവ് എന്ന് സ്പീക്കർ പറഞ്ഞു. കെ.വി സുമേഷ് എംഎൽഎ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ, കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സമഗ്ര ചർച്ചക്ക് വഴിയൊരുക്കി കൈത്തറി കോൺക്ലേവ്
കണ്ണൂർ റബ്‌കോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കൈത്തറി കോൺക്ലേവ് കൈത്തറി മേഖലയിലെ ഉന്നമനം സംബന്ധിച്ച് സമഗ്ര ചർച്ചക്ക് വഴിയൊരുക്കി. 'കൈത്തറി-പുതിയ കാലവും പുതിയ സമീപനം എന്ന വിഷയത്തിൽ നടന്ന ചർച്ച മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നേതൃത്വം നൽകി. കൈത്തറി വ്യവസായം സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുക, ഉയർന്ന പ്രീമിയം വിപണിയിലേക്ക് മാറ്റിക, നൂലിനായി സബ്‌സിഡി നൽകുക, കൂടുതൽ മികച്ച ഡിസൈനുകൾ ഉത്പാദിപ്പിക്കാൻ ആധുനിക ഉപകരണങ്ങളിലേക്ക് വ്യവസായം മാറ്റുക, കുറഞ്ഞ ഉത്പാദനക്ഷമത, മൂലധനശോഷണം, പ്രവർത്തന മൂലധന പ്രശ്‌നങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ കോൺക്ലേവിൽ ചർച്ചയായി. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ, ഹാന്റക്‌സ് കൺവീനർ പി വി രവീന്ദ്രൻ, പത്മശ്രീ പി.ഗോപിനാഥൻ, സുകുമാരൻ നായർ, ഡോ.സി.ആർ എൽസി, പി.ആർ ദിവ്യ, അരക്കൻ ബാലൻ, താവം ബാലകൃഷ്ണൻ എന്നിവർ പാനൽ അംഗങ്ങളായിരുന്നു.
'കൈത്തറി മേഖല; വെല്ലുവിളികളും ബദൽ മാർഗങ്ങളും' എന്നീ വിഷയത്തിൽ നടന്ന ചർച്ചക്ക് കോഴിക്കോട് ഐഐഎം പ്രൊഫസർ ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ നേതൃത്വം നൽകി. കണ്ണൂർ എൻ.ഐ.എഫ്.ടി. അസിസ്റ്റന്റ് പ്രൊഫസ്സർ അഭിലാഷ് ബാലൻ, കണ്ണൂർ ഐ.ഐ.എച്ച്.ടി. എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ. ശ്രീധന്യൻ, കണ്ണൂർ വീവേർസ് സർവ്വീസ് സെന്റർ ഡെപ്യുട്ടി ഡയറക്ടർ എം. ആനന്ദൻ, വിദഗ്ധസമിതി അംഗം കെ. മനോഹരൻ, കണ്ണൂർ വീവേർസ് സർവ്വീസ് സെന്റർ റിട്ട. ഡെപ്യുട്ടി ഡയറക്ടർ എസ്.റ്റി സുബ്രഹ്മണ്യൻ, കേരള ഹാന്റ്‌ലൂം ഓർഗനൈസേഷൻ പ്രസിഡന്റ് ബി. സുധാകരൻ, സ്റ്റേറ്റ് ഹാന്റ്‌ലൂം വീവേർസ് സൊസൈറ്റീസ് അസോസിയേഷന്‌ലെ എ.വി. ബാബു, ഇരിണാവ് വീവേഴ്‌സ് ഇൻഡസ്ട്രിയൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി. സുരേശൻ എന്നിവർ പാനൽ അംഗങ്ങളായിരുന്നു