പള്ളിക്കുളത്ത് ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് ഒൻപതു പേർക്ക് പരുക്കേറ്റു
പള്ളിക്കുളത്ത് ഫോർമാലിൻ കയറ്റി പോകുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു
കണ്ണൂർ: പള്ളിക്കുളത്ത് ഫോർമാലിൻ കയറ്റി പോകുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു. ബസ് കണ്ടക്ടർ പ്രദീപൻ, ക്ലീനർ ദിനേശൻ,ഏഴ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.10 നാണ് അപകടം.
എറണാകുളത്ത് നിന്ന് ഫോർമാലിൻ കയറ്റി വളപട്ടണം കീരിയാടുള്ള കെമിക്കൽ കമ്പനിയിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ കണ്ണൂർ ആശുപത്രിയിൽ നിന്ന് അഴീക്കൽ ഫെറിയിലേക്ക് പോകുകയായിരുന്ന ആരാധന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ടാങ്കർ ലോറിക്ക് ചോർച്ചയുണ്ടായതിനെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
എന്നാൽ, അഗ്നിരക്ഷാ സേനയുടെ പരിശോധനയിൽ ടാങ്കർ ലോറിക്ക് ചോർച്ച കണ്ടെത്താനായില്ല. ഫയർ സ്റ്റേഷൻ ഓഫീസർ ടി. അജയൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എ. കുഞ്ഞികണ്ണൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വിനേഷ്, രഞ്ജു, മഹേഷ്, ബിജു, അനീഷ് കുമാർ, രാജേഷ്, ജോമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.