തളിപ്പറമ്പ് നഗരത്തിൽ വീണ്ടും തീപ്പിടിത്തം : അൽഫാം അടുപ്പിൽ നിന്നും തീപ്പടർന്നു റസ്‌റ്റോറൻ്റ് കത്തിനശിച്ചു

തളിപ്പറമ്പ് നഗരത്തിൽ വീണ്ടും തീപ്പിടിത്തം.ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം.  ദേശീയപാതയിലെ ഷോപ്രിക്‌സ് സൂപ്പർമാർക്കറ്റിനു സമീപത്തെ പേരക്ക റസ്റ്റോറന്റിലാണ് തീപ്പിടുത്തം ഉണ്ടായത്.

 

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ വീണ്ടും തീപ്പിടിത്തം.ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം.  ദേശീയപാതയിലെ ഷോപ്രിക്‌സ് സൂപ്പർമാർക്കറ്റിനു സമീപത്തെ പേരക്ക റസ്റ്റോറന്റിലാണ് തീപ്പിടുത്തം ഉണ്ടായത്.കടയടച്ചു തൊഴിലാളികൾ പോകുമ്പോൾ  അണയ്ക്കാതിരുന്ന അൽഫാം അടുപ്പിൽ നിന്നും തീപ്പൊരി പടർന്നു ഷോപ്രിക്‌സിന്റെയും പേരക്കയുടെയും ഇടയിലുള്ള ഫ്‌ളക്‌സ് ബോർഡിലേക്ക് തീപിടിക്കുകയായിരുന്നു. 

മുകളിലേക്ക് കത്തിത്തുടങ്ങിയ തീ ആദ്യം കണ്ടത് ആലിങ്കീൽ തിയേറ്ററിനു മുൻവശം റോഡ് പണിയെടുക്കുന്ന തൊഴിലാളികളാണ്. അവർ വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും സർവീസ് വയറുകൾ ഉരുകിയതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് സംഭവിച്ചു. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തളിപറമ്പ് അഗ്നിശമന രക്ഷാ കേന്ദ്രത്തിൽ നിന്നുംസീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ.സുനിൽകുമാർ, സി.കെ.ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേന എത്തുകയും കെ എസ് ഇ ബി അധികൃതരെ വിവരം അറിയിച്ച്  ആ ഭാഗത്തേക്കുള്ള കടകളിലേക്കുള്ള സർവീസ് വയറുകൾ വിഛേദിപ്പിച്ച്  റസ്റ്റോറന്റിലെ കത്തിക്കൊണ്ടിരുന്ന അടുപ്പിലെ തീയും ഫ്‌ളക്‌സ് ബോർഡിലെയും ചിമ്മിനിയിലെയും തീയും പൂർണമായും അണയ്ക്കുകയുമായിരുന്നു.ഇതിനിടയിൽ കത്തിക്കൊണ്ടിരിക്കുന്ന അൽഫാംഅടുപ്പിന് സമീപത്തെ മൂന്ന് പാചകവാതക സിലിണ്ടറുകൾ അഗ്‌നിരക്ഷാസേന പുറത്തേക്കെടുത്ത് വലിയൊരു ദുരന്തം ഒഴിവാക്കി.

തീപ്പിടിത്തം പുലർച്ചെയായതിനാലും തലേ ദിവസംഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴപെയ്തതിനാലും പൊതുവെ ചൂട് കുറഞ്ഞതിനാലാണ് തീ പെട്ടെന്ന് പടരാതിരിക്കാൻ സഹായകമായത്. തീപിടിച്ച കെട്ടിടത്തിന്  മുകൾനിലയിൽ പ്ലാസ്റ്റിക്, കാർബോർഡ് വേസ്റ്റുകൾ, മര ഉരുപ്പടികൾ, മറ്റ് വെയിസ്റ്റുകൾ  കൂട്ടിയിട്ടിരിക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറാനുള്ള സ്റ്റെയർകേസുകളിൽ കാർബോർഡ് പെട്ടികളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള  സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇതു തീപ്പിടിത്തത്തിൻ്റെ വ്യാപനത്തിന് സാദ്ധ്യതയേറിയിരുന്നുവെങ്കിലും ഫയർഫോഴ്സിൻ്റെ ഇടപെടലിലൂടെ ഒഴിവാക്കി ഒരു വർഷം മുൻപ് തളിപറമ്പ് നഗരത്തിൽ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചതിൻ്റെ ഭീതി ജനങ്ങളിൽ വിട്ടൊഴിഞ്ഞിട്ടില്ല ഇതിന് ശേഷമാണ് മറ്റൊരു തീപ്പിടിത്തം കൂടി നടന്നത്.