തളിപ്പറമ്പ് പുഴക്കുളങ്ങര ഭൂപ്രശ്നം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പുഴക്കുളങ്ങര സര്‍വ്വേ നമ്പര്‍ 4ല്‍ ഭൂ നികുതി സ്വീകരിക്കാത്തതിൽ പ്രതിസന്ധിയിലായി 20ൽപ്പരം കുടുംബങ്ങൾ. ഡിജിറ്റൽ റീ സർവ്വേക്ക് ശേഷമാണ് നാല് പതിറ്റാണ്ടുകളായി കൈവശം വെക്കുന്ന പട്ടയഭൂമിക്ക് ഈ വര്‍ഷം മുതല്‍ നികുതി അടക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത്.
തളിപ്പറമ്പ് : പുഴക്കുളങ്ങര സര്‍വ്വേ നമ്പര്‍ 4ല്‍ ഭൂ നികുതി സ്വീകരിക്കാത്തതിൽ പ്രതിസന്ധിയിലായി 20ൽപ്പരം കുടുംബങ്ങൾ. ഡിജിറ്റൽ റീ സർവ്വേക്ക് ശേഷമാണ് നാല് പതിറ്റാണ്ടുകളായി കൈവശം വെക്കുന്ന പട്ടയഭൂമിക്ക് ഈ വര്‍ഷം മുതല്‍ നികുതി അടക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത്.1984 ലാണ് മിച്ചഭൂമി പതിച്ച്നൽകിയത്. ഇക്കഴിഞ്ഞ മെയ് മാസംവരെ വില്ലേജ് ഓഫീസുകളിൽ നിന്ന് ഭൂനികുതി സ്വീകരിച്ചിട്ടുണ്ട്. അതിനുശേഷമാണ് നികുതി അടക്കാൻ സാധിക്കാത്ത സ്ഥിതിയുള്ളത്. 32 പ്ലോട്ടുകളിലായി 20 കുടുംബങ്ങളാണ് ഈ പ്രദേശത്ത് ഇപ്പോൾ താമസിക്കുന്നത്. പലരും നിയമപ്രകാരം പിന്നീട് വിലകൊടുത്ത് വാങ്ങിയവരുമാണ്. ഡിജിറ്റൽ റീസർവ്വേക്ക് ശേഷം ഈ പ്ലോട്ടുകളെല്ലാം ചേർന്ന് ഒറ്റപ്ലോട്ടായാണ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥവീഴ്ചയുടെ പരിണിതഫലമായുണ്ടായ പ്രശ്നത്തിന് പരിഹാരം കാണാതെ വില്ലേജ് ഓഫീസിലെയും റീസർവ്വേ ഓഫീസിലെയും ജീവനക്കാർ കൈമലർത്തുന്ന സ്ഥിതിയാണുള്ളത്.
സങ്കീർണ്ണമായ പുഴക്കുളങ്ങര ഭൂപ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സി.പി.ഐ എം പുഴക്കുളങ്ങര ബ്രാഞ്ചും കർഷകത്തൊഴിലാളി യൂണിയനും ചേർന്ന് വിളിച്ചുചേർത്ത ഭൂ ഉടമകളുടെ യോഗത്തിൽ വെച്ച് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ കർഷകത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി ടി.ബാലകൃഷ്ണൻ സി.പി.ഐ എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി കെ.ബിജുമോൻ, എം.വി.രാഘവൻ, വി.വി.കുഞ്ഞിരാമൻ, പി.സുമേഷ്, പി.ഗോകുൽ സംസാരിച്ചു.