ടൗൺ സ്ക്വയർ വാടക ഇരട്ടിയാക്കാൻ ഒരുങ്ങി തളിപ്പറമ്പ് നഗരസഭ
സാധാരണക്കാർക്കും ചെറിയ കൂട്ടായ്മകൾക്കും ആശ്രയമായിരുന്ന നഗരഹൃദയത്തിലെ ടൗൺ സ്ക്വയർ വാടക കുത്തനെ കൂട്ടാൻ തളിപ്പറമ്പ് നഗരസഭ ഒരുങ്ങുന്നു. നിലവിലുള്ള വാടക തുകകൾ പൂർണ്ണമായും ഇരട്ടിയാക്കിക്കൊണ്ടുള്ള റവന്യൂ ഇൻസ്പെക്ടറുടെ ശുപാർശ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ചു കഴിഞ്ഞു.
നഗരമധ്യത്തിൽ കുറഞ്ഞ ചിലവിൽ പരിപാടികൾ സംഘടിപ്പിക്കാൻ പാവപ്പെട്ടവരും സാധാരണക്കാരുമടങ്ങുന്ന ചെറിയ സംഘടനകൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന വേദിയായിരുന്നു ടൗൺ സ്ക്വയർ. എന്നാൽ പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഇവിടുത്തെ ബുക്കിങ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറും.
തളിപ്പറമ്പ് : സാധാരണക്കാർക്കും ചെറിയ കൂട്ടായ്മകൾക്കും ആശ്രയമായിരുന്ന നഗരഹൃദയത്തിലെ ടൗൺ സ്ക്വയർ വാടക കുത്തനെ കൂട്ടാൻ തളിപ്പറമ്പ് നഗരസഭ ഒരുങ്ങുന്നു. നിലവിലുള്ള വാടക തുകകൾ പൂർണ്ണമായും ഇരട്ടിയാക്കിക്കൊണ്ടുള്ള റവന്യൂ ഇൻസ്പെക്ടറുടെ ശുപാർശ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ചു കഴിഞ്ഞു. ശനിയാഴ്ച (നാളെ) നടക്കുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഈ വിഷയം പ്രധാന അജണ്ടയായി പരിഗണനയ്ക്ക് വരികയാണ്. ഇതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് സാംസ്കാരിക-സാമൂഹിക സംഘടനകൾക്ക് മേൽ വന്നുചേരുന്നത്.
നഗരമധ്യത്തിൽ കുറഞ്ഞ ചിലവിൽ പരിപാടികൾ സംഘടിപ്പിക്കാൻ പാവപ്പെട്ടവരും സാധാരണക്കാരുമടങ്ങുന്ന ചെറിയ സംഘടനകൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന വേദിയായിരുന്നു ടൗൺ സ്ക്വയർ. എന്നാൽ പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഇവിടുത്തെ ബുക്കിങ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറും.
നിലവിലെ നിരക്കും വർദ്ധിപ്പിക്കാനുദ്ദേശിക്കുന്ന പുതിയ നിരക്കും ഇങ്ങനെയാണ്
ഒരു ദിവസത്തേക്ക് (മുഴുവൻ സമയം) 3000/- + GST പുതിയത് 6000/- + GST
അര ദിവസത്തേക്ക് (സ്റ്റേജ് ഉൾപ്പെടെ) 2500/- + GST പുതിയത് 5000/- + GST
അര ദിവസത്തേക്ക് (സ്റ്റേജ് ഒഴികെ) 1500/- + GST പുതിയത് 3000/- + GST ,
ചെയർമാന്റെ ദുരിതാശ്വാസ നിധി വിഹിതം 100/- പുതിയത് 200/-
2015 ഒക്ടോബർ മുതൽ നിലവിലിരുന്ന നിരക്കുകളാണ് ഒറ്റയടിക്ക് ഇരട്ടിയാക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ അശാസ്ത്രീയമായ നിരക്ക് വർദ്ധനവ് തിരിച്ചടിയാകുമെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
വാടക കുത്തനെ കൂട്ടുന്നതോടെ ചെറിയ സംഘടനകളും ക്ലബ്ബുകളും ടൗൺ സ്ക്വയറിനെ കൈയൊഴിയാൻ നിർബന്ധിതരാകും. ഇത് പരിപാടികളുടെ എണ്ണം വൻതോതിൽ കുറയ്ക്കുകയും, നഗരസഭയ്ക്ക് വാടക ഇനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥിരവരുമാനത്തിൽ വലിയ ഇടിവ് വരുത്തുകയും ചെയ്യുമെന്ന ആശങ്കയും ഇതിനോടകം ശക്തമായിട്ടുണ്ട്. നാളെ നടക്കുന്ന കൗൺസിൽ യോഗത്തിൽ ഈ ജനദ്രോഹ തീരുമാനത്തിനെതിരെ എന്ത് നിലപാടായിരിക്കും ഉയർന്നുവരികയെന്നാണ് തളിപ്പറമ്പുകാർ ഉറ്റുനോക്കുന്നത്.