തളിപ്പറമ്പ നഗരസഭയിലേക്ക് വരൂ... ഇവിടെ കരുതലിന്റെ മധുരമുണ്ട് ; 'ആതിഥ്യ മധുരം' പദ്ധതിക്ക് തുടക്കം

തളിപ്പറമ്പ നഗരസഭയിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്ന ആതിഥ്യ മധുരം പദ്ധതിക്ക് തുടക്കം. പുതിയ നഗരസഭാ ചെയർപേഴ്സൺ പി.കെ സുബൈർ ആദ്യ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ച ജനോപകാരപ്രദമായ 

 

 കണ്ണൂർ : തളിപ്പറമ്പ നഗരസഭയിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്ന ആതിഥ്യ മധുരം പദ്ധതിക്ക് തുടക്കം. പുതിയ നഗരസഭാ ചെയർപേഴ്സൺ പി.കെ സുബൈർ ആദ്യ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ച ജനോപകാരപ്രദമായ  പദ്ധതികളിൽ ഒന്നാണ് ആതിഥ്യ മധുരം. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഫണ്ട് സംബന്ധിച്ച ആശങ്കയൊഴികെ മറ്റ് കൗൺസിലർമാർ ഒന്നടങ്കം ഈ പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു. വളരെ മനുഷ്യത്വ പരമായ ഒരു പദ്ധതിക്ക് നഗരസഭാ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിന് സാങ്കേതിക തടസം ഉണ്ടെങ്കിൽ സ്പോൺസർമാരെ കണ്ടെത്തി പദ്ധതി നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചതോടെ പുതുവത്സര ദിനത്തിൽ പദ്ധതി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

ആദ്യദിനം പായസമാണ് വിതരണം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ മധുര പാനീയങ്ങൾ മാറി മാറി വിതരണം ചെയ്യാനാണ് തീരുമാനം. മധുരം നൽകി സ്വീകരിക്കുന്നതോടൊപ്പം എത്തുന്നവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസിലാക്കി സഹായം നൽകുന്നതിന് ഒരു സ്റ്റാഫിനെ നിയമിക്കാനും തീരുമാനമുണ്ട്. ജനുവരി 1 പുതുവത്സര ദിനത്തിൽ നഗരസഭ സൂപ്രണ്ട് അനീഷ് സ്വാ​ഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ പി.കെ സുബൈർ  'ആതിഥ്യ മധുരം' പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ പി സുബൈർ പുതുവത്സര സന്ദേശം നൽകി.

തളിപ്പറമ്പ് നഗരസഭയിൽ ഭരണപരിഷ്കാരത്തിന്റെ പുതിയ കാറ്റ് വീശുകയാണ്. വെറും വാക്കിലല്ല, പ്രവൃത്തിയിൽ തന്നെ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചെയർപേഴ്സൺ പി.കെ സുബൈറും ഭരണസമിതിയും. നഗരസഭയുടെ ആദ്യ കൗൺസിൽ യോഗത്തിൽ ഉയർന്നുവന്ന വിപ്ലവകരമായ തീരുമാനങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.
 
 ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇത്തരം തീരുമാനങ്ങൾ ഭരണകൂടത്തിന് വലിയൊരു "ഇമേജ് മേക്കോവർ" നൽകുമെന്നാണ് അഭിപ്രായമുയരുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രഥമ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ പി.കെ സുബൈർ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ദൂരക്കാഴ്ചയുള്ള ഒരു നേതൃത്വത്തിൻ്റെ സൂചന തന്നെയാണ് നൽകുന്നതെന്നാണ് അഭിപ്രായമുയരുന്നത്.  ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തുന്നതിലും കൃത്യനിഷ്ഠ പാലിക്കുന്നതിലും കാണിച്ച കർക്കശ നിലപാട് മാതൃകാ പരമായ ഒരു തുടക്കം നൽകിയിരിക്കയാണ്. ഓരോ കൗൺസിലറും വാർഡിന്റെ ചെയർമാനാകണം എന്ന ആശയം ചെയർപേഴ്സൺ മുന്നോട്ട് വച്ചിരുന്നു. 

തളിപ്പറമ്പിന്റെ സമഗ്ര വികസനത്തിനായി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ചെയർപേഴ്സൻ യോഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ഉദ്യോഗസ്ഥരിലെ കൃത്യനിഷ്ഠയും ഭരണത്തിലെ സുതാര്യതയും ഉൾപ്പെടെ ജനകീയ കാഴ്ച്ചപ്പാടുകൾ മുന്നോട് വച്ചതിലൂടെ തളിപ്പറമ്പ് വീണ്ടും മാതൃകയാകുകയാണ്. ചടങ്ങിൽ ടി ബാലകൃഷ്ണൻ, പുല്ലായികൊടി ചന്ദ്രൻ, യശോദ, നഗരസഭയിലെ കൗൺസിലർമാരും മാധ്യമപ്രവർത്തകരും പങ്കെടുത്തു.