തളിപ്പറമ്പ് എൽ.ഡി.എഫിൽ ഭിന്നത തുടരുന്നു ; സി.പി.ഐ കടുത്ത നിലപാടിൽ

ളിപ്പറമ്പ് നഗരസഭാ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത് സി.പി.എം സി.പി.ഐ ഭിന്നത തുടരുന്നു. വാർഡ് കൺവെൻഷനിലും സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിലും മുഴച്ചു നിന്ന ഭിന്നത പരിഹരിക്കാൻ യോഗം

 

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത് സി.പി.എം സി.പി.ഐ ഭിന്നത തുടരുന്നു. വാർഡ് കൺവെൻഷനിലും സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിലും മുഴച്ചു നിന്ന ഭിന്നത പരിഹരിക്കാൻ യോഗം വിളിച്ചു ചേർക്കാനും ചർച്ച ചെയ്യാനും സി.പി.എം നേതൃത്വം ശ്രമിച്ചെങ്കിലും സി.പി.ഐ നേതൃത്വം താൽപര്യമെടുക്കാത്തതോടെ ശ്രമം ഉപേക്ഷിച്ചു. സി.പി.എം തങ്ങളുടെ അണികളെ ബോധ്യപ്പെടുത്താതെ,  നേതാക്കൾ തമ്മിൽ ചർച്ച നടത്തിയത് കൊണ്ടു മാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. തളിപ്പറമ്പ് നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻ്റെ പത്രികാ സമർപ്പണ വേളയിലും സി.പി.എം സി.പി.ഐ ഭിന്നത മുഴച്ചു നിന്നിരുന്നു. 

കഴിഞ്ഞ ദിവസം നടന്ന മാന്തം കുണ്ട്, പാളായാട് വാർഡ് എൽ.ഡി.എഫ് കൺവെൻഷനിൽ പ്രദേശത്തെ സി.പി.എം, സി.പി.ഐ പ്രവർത്തകർ പരസ്പരം ഓരോ വാർഡുകളിലും വിട്ടു നിന്നിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ പരിഹാസ പോസ്റ്ററുകളും ഷെയർ ചെയ്തു. നഗരസഭയിൽ എൽ.ഡി.എഫ് പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് സി.പി.ഐയുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

തുടർന്ന് നഗരസഭയിലേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളെ ആനയിച്ച് സി.പി.ഐ പ്രവർത്തകരും നേതാക്കളും 10.50 ഓടെ നഗരസഭാ ഓഫിസൽ എത്തി 11.30 ഓടെ പത്രിക നൽകുകയായിരുന്നു. കോടതിമൊട്ട വാർഡിലെ സി.പി.ഐ സ്ഥാനാർത്ഥി പി.എസ് ശ്രീനിവാസൻ പത്രിക നൽകുമ്പോൾ വാർഡിലെ ചുമതലയുള്ള സി.പി.എം പ്രതിനിധി എം. ചന്ദ്രൻ ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് പാളയാട് വാർഡിലെ സി.പി.ഐ സ്ഥാനാർത്ഥി ഷൈജ സുനോജും പത്രിക നൽകി.

ഇവർ പോയതിന് ശേഷമാണ് സി.പി.എം പ്രവർത്തകർ പൂക്കോത്ത് നടയിലെ ഏരിയാ കമ്മറ്റി ഓഫിസിന് സമീപത്ത് നിന്ന് സ്ഥാനാർത്ഥികളെ ആനയിച്ചു കൊണ്ടുള്ള പ്രകടനം നഗരസഭാ ഓഫിസിൽ എത്തിയത്.  മുതിർന്ന സി.പി.എം നേതാവായിരുന്ന കോമത്ത് മുരളീധരൻ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നതിനെ തുടർന്ന് ഉടലെടുത്ത ഭിന്നതയാണ്  രൂക്ഷമായിരിക്കുന്നത്. മുരളീധരനോടൊപ്പം പാർട്ടി വിട്ട അമ്പതോളം  പേരും അവരുടെ കുടുംബങ്ങളുമായി പാളയാട്, മാന്തംകുണ്ട് വാർഡുകളിൽ സി.പി.ഐ നിർണായക സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്.

 പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാൻ സി.പി.എം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. സി.പി.എം ഏരിയ കമ്മറ്റിയിൽ ഉള്ള ചിലർ ഉൾപ്പെടെ പ്രദേശത്തെ പ്രവർത്തകർ സി.പി.ഐയുമായി ചേർന്ന് മുന്നോട്ട് പോകാൻ താൽപര്യപ്പെടുന്നില്ല എന്നതാണ് പ്രശ്നപരിഹാരത്തിന് നേതാക്കളുടെ ഇടപെടൽ ഫലപ്രദമാകാതെ ഭിന്നത രൂക്ഷമാകാൻ ഇടയാക്കിയത്. എൽ.ഡി.എഫ് ഇത്തവണ നഗരഭരണം പിടിച്ചെടുക്കാനുള്ള സാധ്യതയ്ക്ക് ഈ ഭിന്നത തടസമാകുമെന്നാണ് വിലയിരുത്തൽ. സി.പി.എം അണികളെ നിലയ്ക്ക് നിർത്താതെ യാതൊരു ചർച്ചകൾക്കും തങ്ങൾ ഇല്ലെന്ന നിലപാടിൽ സി.പി.ഐ ഉറച്ചു നിൽക്കുകയാണ്.