തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027: ജനുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനവും വ്യവസായ-നിക്ഷേപ രംഗത്തെ പുതിയ മുന്നേറ്റങ്ങളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027'-ന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ടി.കെ ഗോവിന്ദൻ എം.എൽ.എ തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിൽ അനുകൂലമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയും പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

 

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനവും വ്യവസായ-നിക്ഷേപ രംഗത്തെ പുതിയ മുന്നേറ്റങ്ങളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027'-ന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ടി.കെ ഗോവിന്ദൻ എം.എൽ.എ തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിൽ അനുകൂലമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയും പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ ലോഗോ പ്രകാശനം നവംബർ 11-ന് വൈകുന്നേരം 5 മണിക്ക് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി വേണുഗോപാൽ എം.പി നിർവഹിക്കും. തുടർന്ന് 2027 ജനുവരി 9-ന് കേരള മുഖ്യമന്ത്രി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വ്യവസായ, ടൂറിസം, എൽ.എസ്.ജി.ഡി, വൈദ്യുതി, തൊഴിൽ തുടങ്ങിയ വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനും ജനപ്രതിനിധികളും പ്രമുഖ വ്യവസായികളും ചടങ്ങിൽ സംബന്ധിക്കും.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്/നഗരസഭകളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളും വ്യവസായത്തിനായി വിട്ടുകൊടുക്കാൻ തയ്യാറുള്ള സ്വകാര്യ ഭൂമിയുടെ വിവരങ്ങളും ഗൂഗിൾ ഫോം വഴി ശേഖരിക്കുന്നുണ്ട്. നിക്ഷേപകർക്കായുള്ള രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നവംബർ 17-ന് തൃശൂർ കിലയിൽ (KILA) തദ്ദേശ സ്ഥാപന പ്രതിനിധികൾക്കായി ഒരു ദിവസത്തെ പരിശീലന വർക്ക്‌ഷോപ്പ് നടക്കും.

നവംബർ 19, 20 തീയതികളിൽ റിയൽ എസ്റ്റേറ്റ്, ടൂറിസം, ആരോഗ്യം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളുടെ പ്രത്യേക ചർച്ചാ യോഗങ്ങളും, യുവജനങ്ങളുടെ നിക്ഷേപങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 'ജെൻ-സി മീറ്റ്, വിദേശ മലയാളികൾക്കായി 'ജി.സി.എസ്. മീറ്റ്'  എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, കെ.എസ്.എസ്.ഐ.എയുമായി  സഹകരിച്ച് ഡിസംബർ മാസത്തിൽ വിപുലമായ എക്സ്പോയും നടക്കും.

ജനുവരി 9-ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യവസായികൾക്കുള്ള അവാർഡ്ദാനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും എം.ഒ.യു (MOU) ഒപ്പുവെക്കലും നടക്കും. 'ഫ്യൂച്ചർ തളിപ്പറമ്പ്' പാനൽ ഡിസ്കഷൻ, എം.എൽ.എയുമായുള്ള ചാറ്റ്/കോഫി സെഷനുകൾ, ലൈവ് പിച്ച് മത്സരം, വനിതാ സംരംഭകർക്കായി 'ഷി ടോക്ക്', എൻ.ആർ.ഐ മീറ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. നിക്ഷേപ നിയമങ്ങൾ സംബന്ധിച്ച 'ലോ ആൻഡ് ഓർഡർ' സെഷനും സാംസ്കാരിക പരിപാടികളും നടക്കും.   

കൂടാതെ മണ്ഡലത്തിൽ വിപുലമായ ജോബ് ഫെയർ സംഘടിപ്പിക്കുമെന്നും, കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം നൽകുമെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംരംഭകരുടെ സൗകര്യത്തിനായി പുതിയ ആപ്പും (App) പ്രത്യേക മാഗസിനും പുറത്തിറക്കുമെന്നും എം.എൽ.എ അറിയിച്ചു. എം.എൽ.എയോടൊപ്പം പദ്ധതിയുടെ അസി. നോഡൽ ഓഫീസർ കെ.വി അബ്ദുൽ റഷീദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.