തളിപ്പറമ്പിനെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ

 

 കണ്ണൂർ : കണ്ണൂരിലെ സ്ത്രീപദവി ഉയർത്തുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീപദവി റിപ്പോർട്ട് കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതികൾ തയ്യാറാക്കുക. സ്വന്തം കാലിൽ നിൽക്കാൻ തൊഴിലില്ലാത്തതാണ് ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രധാന പ്രശ്നം ഇവർ പണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. ഇതു തന്നെയാണ് ഇവർ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളുടെയും തുടക്കമെന്നും ബിനോയ് കുര്യൻ പറഞ്ഞു. 

സ്ത്രീപദവി ഉയർത്തുന്നതിനായി കുടുംബശ്രീകളെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പദ്ധതികൾ ആവിഷ്കരിക്കും കാർഷിക മേഖലയ്ക്ക് മുൻഗണന കൊടുത്തുള്ള പദ്ധതികൾ നടപ്പിലാക്കും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ കേരളത്തിലെ ഏറ്റവും വലിയ ഫാം ടൂറിസം കേന്ദ്രമാക്കും. തളിപറമ്പിൽ സഫാരി പാർക്ക് വരുന്നതിൻ്റെ നടപടി പുരോഗമിച്ചു വരികയാണ്. ഇതിനൊപ്പം നൂതന കൃഷിരീതികളുമായി കരിമ്പം ഫാം ജില്ലാ പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, വിസ്മയ പാർക്ക്, മറ്റ് ടൂറിസം കേന്ദ്രങ്ങൾ എന്നിവ ബന്ധപ്പെടുത്തി തളിപ്പറമ്പിൽ ടൂറിസം മേഖല വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കണ്ണൂർ ജില്ലയിലെ തെരുവ് നായകളുടെ വന്ധീകരണം മാത്രമേ പോംവഴിയുള്ളൂ. പടിയൂരിൽ എബിസി കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടുതൽ എ ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കും ഷെൽട്ടർ ഹോമുകളും വർദ്ധിപ്പിക്കണമെന്നും എന്നാൽ ഇതിന് സ്ഥല പരിമിതിയും പ്രദേശവാസികളുടെ എതിർപ്പും തടസമാകുന്നുണ്ടെന്ന് ബിനോയ് കുര്യൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയിൽ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി അനുമതി നടത്തി കൊണ്ടു കേസ് നടത്തിവരികയാണ്. എന്നാൽ തങ്ങളുടെ അഭിഭാഷകൻമാരെക്കാൾ കൂടുതൽ പേർ മൃഗ സ്നേഹികൾക്കുവേണ്ടിയാണ് ഹാജരായ തെന്ന് ബിനോയ് കുര്യൻ പറഞ്ഞു. 

കണ്ണൂരിലെ കളിക്കളങ്ങൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്നാൽ സ്ഥലം ഏറ്റെടുത്ത് ക്ളബ്ബുകൾക്കായി കളിക്കളങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതിൽ ജില്ലാ പഞ്ചായത്തിന് സാങ്കേതിക തടസമുണ്ട്. എന്നാൽ മറ്റു രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമോയെന്ന കാര്യം പരിശോധിച്ചു വരികയാണ് ജീവിതശൈലി രോഗങ്ങൾ നേരിടുന്നതിനായി പൊതു സ്ഥലങ്ങളിൽ വ്യായാമ കേന്ദ്രങ്ങൾ സ്ഥാപിക്കും ഇതിനായി നടപടി സ്വീകരിക്കുമെന്നും ബിനോയ് കുര്യൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് ഹാളിൽ നടന്ന മീറ്റ് ദ പ്രസിൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായി. ട്രഷറർ കെ.സതീശൻനന്ദി പറഞ്ഞു.