സ്വച്ഛത ഹി സേവ ക്യാമ്പയിൻ ; ആന്തൂർ നഗരസഭയുടെ മാലിന്യസംസ്‌കരണ കേന്ദ്രം സന്ദർശിച്ച് പറശ്ശിനിക്കടവ് എ.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ
സ്വച്ഛത ഹി സേവ 2026 ക്യാമ്പയിനിന്റെ ഭാഗമായി പറശ്ശിനിക്കടവ് എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ആന്തൂർ നഗരസഭയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (MRF), വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് എന്നിവ സന്ദർശിച്ചു. മാലിന്യസംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായാണ് വിദ്യാർത്ഥികൾ നഗരസഭയിലെത്തിയത്.
തളിപ്പറമ്പ്: സ്വച്ഛത ഹി സേവ 2026 ക്യാമ്പയിനിന്റെ ഭാഗമായി പറശ്ശിനിക്കടവ് എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ആന്തൂർ നഗരസഭയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (MRF), വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് എന്നിവ സന്ദർശിച്ചു. മാലിന്യസംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായാണ് വിദ്യാർത്ഥികൾ നഗരസഭയിലെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി ആന്തൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ അജിത് ടി. വിദ്യാർത്ഥികൾക്ക് മാലിന്യസംസ്‌കരണം, ശാസ്ത്രീയമായ മാലിന്യ തരംതിരിക്കൽ, പുനരുപയോഗം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2026 പ്രകാരമുള്ള നാല് വിഭാഗങ്ങളിലെ മാലിന്യ തരംതിരിക്കലും ഓരോ വിഭാഗത്തിലെയും മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ MRF, വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റുകൾ സന്ദർശിച്ച് അവയുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കി. ഹരിത കർമ്മസേനാംഗങ്ങൾ മാലിന്യശേഖരണം, തരംതിരിക്കൽ, തുടർസംസ്‌കരണം തുടങ്ങിയ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
മാലിന്യങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ കടലാസ് കഷണങ്ങൾ ശരിയായ ബിന്നുകളിൽ നിക്ഷേപിക്കുന്ന പ്രായോഗിക പ്രവർത്തനത്തിലും വിദ്യാർത്ഥികൾ പങ്കെടുത്തു.
മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള അറിവ് ക്ലാസ് മുറികളിൽ മാത്രം ഒതുക്കാതെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കാനും പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യസംസ്‌കരണത്തിലും ഉത്തരവാദിത്വബോധം വളർത്താനും സന്ദർശനം സഹായകമായി.