മദ്യ ലഹരിയിൽ യുവാവിൻ്റെ ബാഗ് തട്ടിയെടുത്ത ട്രാഫിക്ക് എസ്.ഐക്ക് സസ്പെൻഷൻ
കണ്ണൂർട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ ജയകുമാറിനെയാണ് സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടത്
കണ്ണൂർ: മദ്യലഹരിയിൽ യുവാവിന്റെ ബാഗ് തട്ടിയെടുത്ത സംഭവത്തിൽ എസ് ഐ ക്ക് സസ്പെൻഷൻ. കണ്ണൂർട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ ജയകുമാറിനെയാണ് സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടത്.
കഴിഞ്ഞ മാസം ബാംഗ്ലൂരിലേക്ക് പോകാനായി പിതാവിനൊപ്പം കുടുക്കിമൊട്ടയിൽ ബസ് കാത്തുനിൽക്കവേയാണ് അവിടെ എത്തിയ എസ്ഐ യുടെ അതിക്രമം ഉണ്ടായത്.പോലീസാണെന്ന് പറഞ്ഞ് യുവാവിന്റെ കൈയിലുണ്ടായിരുന്ന ബാഗ് തന്റേതാണെന്ന് പറഞ്ഞ് പിടിച്ച് വാങ്ങിയെടുക്കുകയായിരുന്നു.
സംശയംതോന്നിയ യുവാവ് പോലീസുദ്യോഗസ്ഥനോട് ഐ ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ യുവാവിന്റെ പിതാവിനെ പോലീസുദ്യോഗസ്ഥൻ തള്ളിയിടുകയും ചെയ്തു.തുടർന്ന് ബാംഗ്ലൂരിലേക്കുള്ള ബസ് എത്തിയതിനെ തുടർന്ന് പോലീസുദ്യോഗസ്ഥനിൽ നിന്നും ബാഗ് ബലംപ്രയോഗിച്ച് വാങ്ങി യുവാവ് ബസിൽ കയറുകയായിരുന്നു. ഇതിനിടെ പോലീസുദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ യുവാവ് ഫോണിൽ പകർത്തിയിരുന്നു.
അടുത്ത ദിവസം തന്നെ യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പോലീസിലും നൽകിയിരുന്നു. പരാതിയെ തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് സസ്പെൻഷൻ ഉത്തരവായത്.