സുഷാന്തിനെ ആക്രമിച്ച സംഭവം;  അക്രമികളെ അറസ്റ്റ് ചെയ്യാത്ത തളിപ്പറമ്പ് പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ

ആക്രമിക്കപ്പെട്ട് 18 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ല.

 

കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ മുത്തപ്പൻ കോലം ധരിക്കുന്ന സുഷാന്തിനെ ആക്രമിച്ച സംഭവത്തിൽ അക്രമികളെ അറസ്റ്റ് ചെയ്യാത്ത തളിപ്പറമ്പ് പോലീസിന്റെ  നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ. ആക്രമിക്കപ്പെട്ട് 18 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലായിരുന്നു സിപിഎം പ്രവർത്തകനായ സുഷാന്തിന് നേരെ ആക്രമം നടത്തിയത്.  സംഘം ചേർന്ന് അക്രമിച്ചു; ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. യഥാർത്ഥ മൊഴികൾ എഫ്ഐആറിൽ രേഖപ്പെടുത്തിയതുമില്ല. സിപിഎം ഭരണത്തിൽ അക്രമം നടത്തിയ സിപിഎം പ്രവർത്തകർക്ക് സംരക്ഷണവും അക്രമത്തിന് വിധേയനായ സിപിഎം പ്രവർത്തകന് നീതി നിഷേധവുമാണ് ഉണ്ടായിരിക്കുന്നത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം - കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.

ആക്രമണത്തിൽ കൈക്ക് സാരമായി പരിക്കേറ്റ സുഷാന്തിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സ നല്ല രീതിയിൽ ലഭിക്കുന്നില്ലെന്ന് തോന്നിയപ്പോൾ തോട്ടട ഇഎസ്ഐ ആസ്പത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം സുഷാന്ത് ഇന്നലെയാണ് ഡിസ്ചാർജ് ആയത്.