സുകുമാർ അഴീക്കോട് കേരളത്തിലെ ഗാന്ധി : മേധാ പട്ക്കർ

ഡോക്ടർ സുകുമാർ അഴീക്കോട് കേരളത്തിലെ ഗാന്ധിയാണെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്ക്കർ പറഞ്ഞു.

 

കണ്ണൂർ: ഡോക്ടർ സുകുമാർ അഴീക്കോട് കേരളത്തിലെ ഗാന്ധിയാണെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്ക്കർ പറഞ്ഞു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ഡോക്ടർ സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റും അഴീക്കോട് സ്മാരക സമിതിയും ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം സ്വീകരിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മേധ പട്ക്കർ. തികച്ചും ഗാന്ധിയനായ അഴീക്കോട് പരിസ്ഥിതി സമരങ്ങൾക്കും സാധാരണ ജീവനക്കാരുടെ പോരാട്ടങ്ങൾക്കും പിൻതുണ നൽകിയിരുന്നു. 

പ്ളാച്ചിമടയിലും നർമ്മദ ബച്ചാവോ ആന്ദോളൻ സമര പരിപാടികളിൽ നാം അതു കണ്ടതാണ് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി സോഷ്യലിസ്റ്റായിരുന്നു അഴീക്കോട് ജി.അദ്ദേഹത്തിൻ്റെ വായനയും എഴുത്തും പഠനവുമെല്ലാം സമൂഹത്തിന് വേണ്ടി വിനിയോഗിച്ചുവെന്ന് മേധാ പട്കർ പറഞ്ഞു. ചടങ്ങിൽ പോൾ മണലിൽ അദ്ധ്യക്ഷനായി. നോവലിസ്റ്റ് എം മുകുന്ദൻ മേധാ പട്ക്കർക്കും എഴുത്തുകാരൻ പെരുമാൾ മുരുകനും അഴീക്കോട് ജന്മശതാബ്ദി പുരസ്‌കാരം സമ്മാനിച്ചു. 

കൽപ്പറ്റ നാരായണൻ, ഡോ. തോമസ് കുരുവിള, ഡോ. എ കെ നമ്പ്യാർ, ഡോ. കെ . വി ഫിലോമിന, സുരേഷ് ബാബു എളയാവൂർ, എം സി ശ്രീജ തുടങ്ങിയവർ പങ്കെടുത്തു . സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ എൻ എസ് അമാന ഫിർദൗസ് ( ചടയമംഗലം ) എംപി ഫാത്തിമ ( അഴീക്കോട് സൗത്ത് ) എന്നിവർക്കുള്ള സമ്മാനദാനം എം മുകുന്ദൻ നിർവഹിച്ചു.എംടി മനോജ് സ്വാഗതവും ടിവി മധുകുമാർ നന്ദിയും പറഞ്ഞു.