സുകുമാർ അഴീക്കോട് പുരസ്കാരം മജീഷ്യൻ മുതുകാടിന് സമ്മാനിക്കും
Nov 18, 2023, 21:34 IST
കണ്ണൂർ: കണ്ണൂരിലെ കലാ സാംസ്കാരിക സംഘടനയായ കണ്ണൂർ വേവ്സിന്റെ ഏഴാമത് സുകുമാർ അഴീക്കോട് പുരസ്കാരം മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എഴുത്തുകാരൻ എം.മുകുന്ദൻ നവംബർ 26 ന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരുപതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. വൈകുന്നേരം ആറു മണിക്ക് കണ്ണൂർ താണ സാധു കല്യാണ മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ,എം.എൽ.എമാരായ രാമചന്ദ്രൻ കടന്ന പള്ളി, കെ.വി സുമേഷ്, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കണ്ണൂർ വേവ്സ് ജില്ലാ പ്രസിഡന്റ് കെ.പി ശ്രീശൻ , സെക്രട്ടറി ഒ.എൻ രമേശൻ , പി.വിജയകുമാർ എന്നിവർ പങ്കെടുത്തു.