സമകാലികതയുടെ ആത്മാവിൽ തൊട്ട് ബിൻസി; ഇമാം സൂഫീ ഗാനമധുരിമ
സമകാലികതയുടെ ആത്മാവ് ചേർത്ത് ബിൻസിയും ഇമാമും ദസറ രാവിനെ ചിന്തകളുടെ ആഴക്കടലിൽ മുക്കിയെടുത്തു. ദസറയുടെ നാലാം രാവിൽ പേർഷ്യൻ ഉർദു മലയാളം സൂഫിയാനയിലേക്കും അതിനോട് ചേർന്നു നിൽക്കുന്ന മറ്റു ഗീതങ്ങളിലേക്കും ആയിരങ്ങളുടെ ഹൃദയങ്ങൾ തളിർപ്പിക്കുകയായിരുന്നു
കണ്ണൂർ: സമകാലികതയുടെ ആത്മാവ് ചേർത്ത് ബിൻസിയും ഇമാമും ദസറ രാവിനെ ചിന്തകളുടെ ആഴക്കടലിൽ മുക്കിയെടുത്തു. ദസറയുടെ നാലാം രാവിൽ പേർഷ്യൻ ഉർദു മലയാളം സൂഫിയാനയിലേക്കും അതിനോട് ചേർന്നു നിൽക്കുന്ന മറ്റു ഗീതങ്ങളിലേക്കും ആയിരങ്ങളുടെ ഹൃദയങ്ങൾ തളിർപ്പിക്കുകയായിരുന്നു സമീർ ബിൻസിയും ഇമാം മജ്ബൂറും. ദസറ രാവുകളിലെ റിക്കാർഡ് സംഗീത പ്രേമികളെ കോരിത്തരിപ്പിച്ചാണ് ‘സോങ്ങ് ഓഫ് സോൾ ആൻഡ് സോയിൽ’ ഇന്നലെ അരങ്ങേറിയത്.
ബിൻസി ഇമാം ടീമിൻ്റെ ഏറ്റവും നവീന ഗാനങ്ങളുടെ തിളക്കമായിരുന്നു കണ്ണൂർദസറ വേദിയിൽ ദൃശ്യമായത്. പ്രമുഖ മലയാള കവി അൻവറലിയുടെ 'ഗാന്ധിത്തൊടൽമാല' സമകാലിക ഇന്ത്യയുടെ അനുഭവങ്ങളെ കൂടി ചേർത്ത് വെക്കുകയായിരുന്നു. ഗാന്ധിജിയുടെ കേരള സന്ദർശന വേളയിൽ വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തെ തൊട്ടത് തിരിച്ച് വന്ന് ഉമ്മയോട് പറയുന്ന "തൊട്ടു ഞാനുമ്മാ! ഗാന്ധിയെ തൊട്ടു ഞാനുമ്മാ! പട്ടുപോലെ നനുത്ത തോളിൽ തൊട്ടു ഞാനുമ്മാ!" എന്ന കാവ്യശീലുകൾ ‘പട്ടടയിൽ കത്തുമിന്ത്യയെ തൊട്ടു ഞാനുമ്മാ ’ എന്ന് ബിൻസി വികാര നിർഭരമായി പാടിയപ്പോൾ സദസ്സ് ആരവം മുഴക്കി. ഗാന്ധിജിയെ തൊട്ടവരുടെ പ്രൈതൃകം ഗോഡ്സെയെ തോടും കാഴ്ച കാണുകയാണെന്ന് ബോധിപ്പിക്കുന്ന ഈ ഗാനം പ്രേക്ഷകരെ ഏറെ ചിന്തിപ്പിച്ചു.
ബിൻസിയുടെ പുതിയ രചനകളായ ഒന്നിലേറെ അവതരണങ്ങളും ഇത്തവണ പുതുമയുള്ളതായിരുന്നു. മനുഷ്യൻ ഹൃദയം തുറക്കാതെ കണ്ണ്തുറന്നിട്ട് കാര്യമില്ലെന്ന് ഉദ്ഘോഷിക്കുന്ന ‘ഉൾക്കൽബിലുള്ള ബാബ്, വെട്ടെടീ നീ ലാമ് കൊണ്ട് തുടങ്ങിയവ പുതിയ സർഗാനുഭൂതിയായി.
‘ലിമിറ്റഡാണ് ലോജിക്’ എന്ന സൂഫീ ഗീതം യുക്തിയും പ്രണയവും തമ്മിലുള്ള വ്യത്യാസങ്ങളിലൂടെ ദൈവിക പ്രണയത്തിെൻറ തത്വങ്ങളെ പ്രസരിപ്പിച്ചു. സിനിമാ ഗാനമാണെങ്കിലും ഭാസ്കരൻമാസ്റ്ററുടെ കണ്ടം ബെച്ച കോട്ടിലെ ‘വക്കീൽമാരുടെ കോട്ടല്ല ഇത് ഫക്കീർ അണിയണ കോട്ടാണ്’ എന്നത് ഉൾക്കാഴ്ചയുള്ള സൂഫീതല സ്പർശിയായ വരികളാണെന്ന് ബിൻസി ഈ കാവ്യത്തിൽ അകമ്പടി ചേർത്ത് ഓർമിപ്പിച്ചു. ഇച്ചമസ്താെൻറ കാവ്യശ്രേണിയിൽ പുതിയ അവതരണമായി ‘ആണിപ്പെണ്ണായിരം’ എന്ന ഗാനം ദൈവീകതയിലെ ആരാധനളുടെ പ്രണയത്തെ കേന്ദ്രീകരിക്കുന്നതായിരുന്നു. കബീർ, മീര,ശ്രീനാരായണ ഗുരു, ഗാന്ധിജി, പ്രവാചകൻ മുഹമ്മദ് തുടങ്ങി പലരുടെയും ഉൾകാഴ്ചയുള്ള ചിന്തകളെ ബിൻസി-ഇമാം ടീം സൂഫീ മിസ്റ്റിക് ഗാനങ്ങളിലും അവതരിപ്പിച്ചപ്പോൾ ദസറയുടെ മാനവീക മൂല്യ സങ്കൽപ്പത്തിെൻറ സംഗീത വിരുന്നായി അത് മാറി.
ഓരോ അവതരണങ്ങളും ആയിരങ്ങളുടെ ജനാവലി കയ്യടിച്ചും, ഒപ്പം പാടിയും നൃത്തം ചെയ്തും ആസ്വദിച്ചു.അബുദബിയിൽ ഒക്ടോബർ 10ന് 'ബാർസാത് - എ നൈറ്റ് ഓഫ് സോൾഫുൾ മ്യൂസിക്' എന്ന പരിപാടിയിലൂടെ പ്രേക്ഷകലോകത്തെ കയ്യിലെടുത്ത ശേഷമാണ് കണ്ണൂർ ദസറയിൽ ‘സോങ്ങ് ഓഫ് സോൾ ആൻറ് സോയിൽ’ അവതരിപ്പിക്കാൻ ബിൻസി-ഇമാം ടീം എത്തിയത്. കണ്ണൂർ ദസറയിൽ പരിപാടി അവതരിപ്പിക്കുക എന്നത് തങ്ങളുടെ സംഗീത ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമായാണ് കരുതുന്നതെന്ന് അവർ സദസ്സിനോട് പറഞ്ഞു.
അക്ബർ (തബല, അസ്ലം (ഹാർമോണിയം) സുഹൈൽ (ഗിറ്റാർ) അസീസ് (റിഥം) ഷഹീം , ഷിബിൽ (വോക്കൽ) എന്നിവരാണ് ബിൻസി ഇമാം ടീമിനോടൊപ്പം ഉണ്ടായിരുന്നത്.