കണ്ണൂരിൽ ബസ് ഫീസടക്കാത്തതിന് വിദ്യാർത്ഥിയോട് കണ്ണില്ലാ ക്രൂരത ; സ്കൂൾ ബസിൽ നിന്നും വലിച്ചിറക്കി പുറത്താക്കി : മുഖ്യമന്ത്രിക്കും പൊലിസിലും പരാതി നൽകി പിതാവ്
പയ്യന്നൂരിൽ സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ജീവനക്കാർ ബലപ്രയോഗത്തിലൂടെ ബസിൽ നിന്ന് വലിച്ചിഴച്ച് പിടിച്ചിറക്കിയെന്ന് പരാതി.
Jun 3, 2025, 19:52 IST
കണ്ണൂർ : പയ്യന്നൂരിൽ സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ജീവനക്കാർ ബലപ്രയോഗത്തിലൂടെ ബസിൽ നിന്ന് വലിച്ചിഴച്ച് പിടിച്ചിറക്കിയെന്ന് പരാതി. പയ്യന്നൂരിലെ എസ്എബിടിഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവാണ് മുഖ്യമന്ത്രിക്കും പയ്യന്നൂർ പൊലീസിലും ഇതു സംബന്ധിച്ച് പരാതി നൽകിയത്.
തിങ്കളാഴ്ച പ്രവേശനോത്സവത്തിനുശേഷം സ്കൂൾ ബസിൽ കയറിയ കുട്ടിയെ ജീവനക്കാരൻ ബലമായി പിടിച്ചിറക്കി മറ്റ് കുട്ടികളുടെ മുന്നിൽ അപമാനിച്ചെന്നാണ് പരാതി.സംഭവം അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പ്രധാനാധ്യാപകൻ പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്കൂൾ അധികൃതർക്ക് ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.