പട്ടുവം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം: രണ്ട് ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ച് പരിക്കേല്പിച്ചു

വീടിനു സമീപത്തെ റോഡരുകിൽ മേയാൻ വിട്ട അഞ്ച് ആടുകളിൽ രണ്ടെണ്ണത്തെയാണ് ആക്രമിച്ചത്‌ . ഗർഭിണിയായ മൂന്ന് വയസ്സുള്ള ആടിനെയും ഇതിൻ്റെ കുട്ടിയായ ഒരു വയസ്സുള്ള ആടിനെയുമാണ് ആക്രമിച്ചത്.
 

തളിപ്പറമ്പ: പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. പട്ടുവം കയ്യം ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിലെ രണ്ട് ആടുകളെ തെരുവുനായക്കൾ ആക്രമിച്ച് പരിക്കേല്പിച്ചു. കയ്യത്തെ നടുവിലെകണ്ടി മുഹമ്മദിൻ്റെ ആടുകളെയാണ് അലഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ നാലംഗം സംഘം ആക്രമിച്ചത്. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വീടിനു സമീപത്തെ റോഡരുകിൽ മേയാൻ വിട്ട അഞ്ച് ആടുകളിൽ രണ്ടെണ്ണത്തെയാണ് ആക്രമിച്ചത്‌ . ഗർഭിണിയായ മൂന്ന് വയസ്സുള്ള ആടിനെയും ഇതിൻ്റെ കുട്ടിയായ ഒരു വയസ്സുള്ള ആടിനെയുമാണ് ആക്രമിച്ചത്.

വിവരമറിഞ്ഞ് പട്ടുവം മൃഗാശുപത്രിയിലെ ഡോ: പി ആർ  ആര്യയുടെ നിർദ്ദേശ പ്രകാരം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് ശ്രീകുമാർ സ്ഥലത്തെത്തി കഴുത്തിനും കാലുകൾക്കും പരിക്കേറ്റ ആടുകൾക്ക് പ്രാഥമിക ചികിത്സ നല്കി.കഴിഞ്ഞ വർഷം ഗർഭിണിയായ ആടിൻ്റെ മറ്റൊരു കുട്ടിയെ തെരുവ് നായ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു .

കുറുക്കൻമാരുടെ ശല്യവും പട്ടുവം പ്രദേശങ്ങളിൽ  വർദ്ധിച്ചു വരികയാണ്. ദിവസങ്ങൾക്ക് മുമ്പ് മുള്ളൂൽ കോളനി റോഡിലെ കോഴി കർഷകൻ്റെ കോഴികളെ കൂട്ടിൽ കയറിയ കീരി കൊലപ്പെടുത്തിയിരുന്നു. അരിയിൽ,കയ്യം,  മുതലപ്പാറ, മുറിയാത്തോട്, പറപ്പൂൽ, പട്ടുവം ഹൈസ്കുൾ റോഡ്, മുള്ളൂൽ  കോളനി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെയും കുറുക്കൻമാരുടെയും ശല്യം വർദ്ധിച്ചിരിക്കുന്നത്.

അരിയിൽ യു പി സ്കുൾ,  കയ്യത്തെ അപ്ലൈഡ് സയൻസ് കോളേജ്, പട്ടുവം ഗവ: ഹൈസ്കുൾ കോമ്പൗണ്ടുകളിലും, മാധവനഗർ - അരിയിൽ കോളനി - റോഡിലെ അംഗൻവാടി പരിസരത്തും, മുറിയാത്തോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തും  തെരുവ് നായ്ക്കൾ സംഘം ചേർന്ന് അലഞ്ഞ് നടക്കുകയും തമ്പടിച്ചിരിക്കുകയുമാണ്. ഇതു കാരണം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും, നാട്ടുകാർക്കും തെരുവുനായ സംഘം  ഭീക്ഷണിയായി മാറിയിരിക്കുകയാണ്. 

പുലർകാലത്ത് റോഡുകളിൽ പ്രഭാത സവാരിക്കിറങ്ങുന്നവരും, പത്രവിതരണക്കാരും, വാഹന യാത്രക്കാരും തെരുവുനായ്ക്കളുടെയും കുറുക്കൻമാരുടെയും ആക്രമണം ഭയന്നാണ് കഴിയുന്നത്. പട്ടുവത്തെ വിവിധ പ്രദേശങ്ങളിൽ പന്ത്രണ്ടോളം തെരുവ് നായ്ക്കളുടെ സംഘമാണ്  അലഞ്ഞ് നടക്കുന്നത് .

തെരുവ് നായ്ക്കളുടെയും കുറുക്കൻമാരുടെയും ശല്യം കാരണം കോഴികളെ വളർത്തുന്നവരും, ക്ഷീര കർഷകരും, ഓമന മൃഗങ്ങളെ വളർത്തുന്നവരും ദുരിതത്തിലായിരിക്കുകയാണ്. വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.