തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുന്നതിന് നടപടി

തലശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി ധനസഹായത്തോടെ  മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി  നൂതന സംരംഭമായ കേരള ഫ്യൂച്ചർ ടെക്നോളജി ഹബ്  സ്ഥാപിക്കുന്നതിനും വ്യവസായ വകുപ്പിന്റെ സഹായത്തോടെ കോളേജില്‍ ക്യാമ്പസ് പാര്‍ക്ക് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. 

 

തലശേരി : തലശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി ധനസഹായത്തോടെ  മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി  നൂതന സംരംഭമായ കേരള ഫ്യൂച്ചർ ടെക്നോളജി ഹബ്  സ്ഥാപിക്കുന്നതിനും വ്യവസായ വകുപ്പിന്റെ സഹായത്തോടെ കോളേജില്‍ ക്യാമ്പസ് പാര്‍ക്ക് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. 

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍  നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍  ചേര്‍ന്ന യോഗത്തിലാണ്  ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ട്രാൻസ്ലേഷണൽ റിസർച്ച് & കൺസൾട്ടൻസി ഹബ്, ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ ഹബ്,  ട്രെയിനിംഗ് & സ്കില്‍ ഡെവലപ്മെന്റ് ഹബ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ കേരള ഫ്യൂച്ചര്‍ ടെക്നോളി ഹബ് നടപ്പാക്കുന്നത് സംബന്ധിച്ച കണ്‍സെപ്ട് നോട്ട് യോഗം അംഗീകരിച്ചു. 

50 കോടി രൂപയുടെ പ്രോജക്ട്  സഹകരണ വകുപ്പ് മുഖേന ക്യാബിനറ്റിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനും തുടര്‍ന്ന് വിശദമായി ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും നടപടി സ്വീകരിക്കും. മെഡിക്കല്‍ ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്ററിജന്‍സ്, സെന്‍സര്‍ ടെക്നോളജി മുതലായ മേഖലകളില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍  ഉള്‍പ്പെടെയുള്ള  സ്ഥാപനങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകും. 

ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡെവലപ്പറെ കണ്ടെത്തുന്നതിനും  വ്യവസായ വകുപ്പുമായി തുടര്‍ ചര്‍ച്ച നടത്തുന്നതിനും യോഗം തീരുമാനമെടുത്തു. സ്കില്‍ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് അസാപിന്റെ സേവനം പ്രയോജനപ്പെടുത്തും. സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാര്‍, കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി. എ. ഷൈല, വ്യവസായ വകുപ്പ് അഡീ. ഡയറക്ടര്‍ സിമി സി. എസ്., കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എബി ഡേവിഡ്, അസി. പ്രൊഫ. ഡോ. ഉമേഷ് പി.,   സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി  അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.