എസ്എസ്എഫ് സാഹിത്യോത്സവത്തിനായി പാനൂരിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ
കണ്ണൂർ: മുപ്പത്തിയൊന്നാം എഡിഷൻ എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവം ഓഗസ്റ്റ് എട്ടിന് പാനൂരിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എട്ടു മുതൽ 11 വരെ 13 വേദികളിലായി നടക്കുന്ന വിവിധപരിപാടികളിൽ 1500 ഓളം മത്സരാർത്ഥികളും നൂറോളം അതിഥികളും പങ്കെടുക്കും. എട്ടിന് മഖ്ബറ സിയാറത്തോടു കൂടി പരിപാടിക്ക് തുടക്കമാവും.
പുസ്തകലോകം,എജ്യുനെക്സ്റ്റ് കരിയർ ക്ലിനിക്, ദി ആൻസർ ഫിഖ്ഹ് ക്ലിനിക്ക് , ഇൻഫർമേഷൻ സെന്റർ എന്നിവ സജ്ജമാക്കും. തുടർന്നുള്ള സാംസ്കാരിക സംഗമത്തിൽ കെ പി മോഹനൻ തുടങ്ങിയവർ സംബന്ധിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സംഗമങ്ങൾക്ക് പേരോട് അബ്ദുറഹ്മാൻ സഖാഫി, ദേവർ ശോല അബ്ദുസ്സലാം മുസ്ലിയാർ എന്നിവർ നേതൃത്വം നൽകും.
മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനും മുൻ ഐടിഐ ബയോ മെഡിക്കൽ എൻജിനീയറിങ് പ്രൊസറുമായ ഡോക്ടർ റാം പുനിയാനി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന സമാപന സംഗമം സംസ്ഥാന പ്രസിഡണ്ട് സ്വാഹ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും പ്രസിഡണ്ട് മുനവ്വിർ അമാനി, സിക്രട്ടറി ടി പി സൈഫുദ്ദീൻ, സാലിം പാമ്പുരുത്തി, ഇർഷാദ് സഖാഫി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.