സ്‌കൂളുകളിൽ കായിക മത്സരങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണം: ടി ഒ മോഹനൻ എംഎൽഎ
പ്രാഥമിക വിദ്യാലയങ്ങൾ മുതൽ തന്നെ കായിക മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും മികച്ച ഊന്നൽ നൽകണമെന്നും എങ്കിൽ മാത്രമേ സ്‌പോർട്‌സ് മേഖലയിൽ നമുക്ക് മുന്നേറ്റം നടത്താൻ സാധിക്കുകയുള്ളൂ എന്നും ടി ഒ മോഹനൻ എംഎൽഎ.
കണ്ണൂർ : പ്രാഥമിക വിദ്യാലയങ്ങൾ മുതൽ തന്നെ കായിക മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും മികച്ച ഊന്നൽ നൽകണമെന്നും എങ്കിൽ മാത്രമേ സ്‌പോർട്‌സ് മേഖലയിൽ നമുക്ക് മുന്നേറ്റം നടത്താൻ സാധിക്കുകയുള്ളൂ എന്നും ടി ഒ മോഹനൻ എംഎൽഎ. 68-ാമത് സംസ്ഥാന സ്‌കൂൾ ഗ്രൂപ്പ് 1 ഗെയിംസ് ചാമ്പ്യൻഷിപ്പ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്തിന് രാജ്യാന്തര സ്‌പോർട്‌സ്- ഗെയിംസ് മത്സരങ്ങളിൽ വേണ്ടത്ര നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കണമെങ്കിൽ ചെറുപ്രായത്തിൽ തന്നെ മികച്ച പരിശീലനം നൽകുകയും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു.
പത്മശ്രീ പി ആർ ശ്രീജേഷ് മുഖ്യതിഥിയായി. 2036ലെ ഒളിംപിക്‌സ് മത്സരങ്ങൾക്ക് ഇന്ത്യ വേദിയാവുമ്പോൾ അന്നത്തെ വിജയ പോഡിയത്തിൽ മെഡലുമായി നിൽക്കുന്നത് സ്വപ്‌നം കാണുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യണമെന്ന് മത്സരാർഥികളോട് അദ്ദേഹം പറഞ്ഞു.
ഡയറ്റ് പ്രിസിപ്പാൾ ഡോ. എസ്. കെ ജയദേവൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിൽ, സംസ്ഥാന സ്‌പോർട്‌സ് ഓർഗനൈസർ അജിത് വർഗീസ്, അസി.സ്‌പോർട്‌സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, എസ്എസ്‌കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഹാഷിം കാട്ടാമ്പള്ളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി. ദീപ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം. പി ജീവ, റവന്യു ജില്ലാ സ്‌പോർട്‌സ് സെക്രട്ടറി സി എം നിധിൻ, സ്വീകരണ കമ്മിറ്റി കൺവീനർ പി എസ് അഖിൽ എന്നിവർ സംസാരിച്ചു.