പുതിയതെരുവിൽ നേരത്തെ തീപ്പിടിച്ച കെട്ടിടത്തിൽ നിന്നും പുക പടർന്നത് പരിഭ്രാന്തി പരത്തി
പുതിയതെരുവിനടുത്ത് വൻ തീപിടുത്തമുണ്ടായ കെട്ടിടത്തിൽ കാലത്ത് വീണ്ടും പുക പടർന്നത് പരിഭ്രാന്തി പരത്തി. കണ്ണൂരിൽ നിന്ന് ഫയർ സർവ്വീസ് സംഘം എത്തിയാണ് തീ അണച്ചത്.
കണ്ണൂർ: പുതിയതെരുവിനടുത്ത് വൻ തീപിടുത്തമുണ്ടായ കെട്ടിടത്തിൽ കാലത്ത് വീണ്ടും പുക പടർന്നത് പരിഭ്രാന്തി പരത്തി. കണ്ണൂരിൽ നിന്ന് ഫയർ സർവ്വീസ് സംഘം എത്തിയാണ് തീ അണച്ചത്. അർധരാത്രി 12.10 ഓടെയാണ് പുതിയതെരു രാമഗുരു യു പി സ്കൂളിന് സമീപത്തെ കോഡീസ് എന്ന പ്ലയനർ ഷോപ്പിൽ വൻ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളി പടരുകയായിരുന്നു.
പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വളപട്ടണം പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് 3 യൂണിറ്റും തളിപറമ്പിൽ നിന്ന് 1 യൂണിറ്റും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരം സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് പ്രദേശത്തെ വീട്ടുകാർ പരിഭ്രാന്തരായി.
കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന യന്ത്രങ്ങളും മരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും പൂർണമായും കത്തി നശിച്ചു. സമീപത്തെ ഹോട്ടൽ അദ്വൈതത്തിലേക്കും ജ്യൂസ് കോർണർ സ്ഥാപനത്തിലേക്കും തീ വ്യാപിക്കുന്നതിന് മുൻപ് നിയന്ത്രിക്കാനായതിനാൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല. സമീപത്തെ കടകളുടെ മേൽക്കൂര കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാസേന പറഞ്ഞു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കണ്ണൂർ അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി അജയൻ, അസി.സ്റ്റേഷൻ ഓഫീസർ സി ഡി റോയ്, സീനിയർ ഫയർ ഓഫിസർ രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.