കേന്ദ്രബഡ്ജറ്റ്  സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച മറച്ചു വയ്ക്കാനുളള വെറും വാചക കസര്‍ത്ത് മാത്രമാണെന്ന് ഡോ.ടി. ശിവദാസന്‍ എം. പി  

 

 കണ്ണൂര്‍: ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതിന്റെ ക്രെഡിറ്റ് കൂടി നരേന്ദ്രമോഡി സര്‍ക്കാര്‍ എടുത്തില്ലെന്ന് ആശ്വാസകരമാണെന്ന് കേന്ദ്രബഡ്ജറ്റിനെതിരെ വിമര്‍ശനവുമായി ഡോ.ടി.ശിവദാസന്‍ എം.പി  142 കോടി ജനങ്ങളുമായി ചൈനയെ മറികടന്നു ലോകത്ത് ഇന്ത്യ ഒന്നാമതെത്തിയെന്നും ഈ ചരിത്രനേട്ടം മാനനീയ പ്രധാനമന്ത്രിയുടെ ഭരണം കൊണ്ടാണെന്നും പറയാഞ്ഞത് വലിയ ഭാഗ്യമാണ്  എന്നാണ് ബജറ്റ് അവതരണം കേട്ടപ്പോള്‍ തോന്നിയതെന്നും അദ്ദേഹം പരിഹസിച്ചു.

 കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ച  ബഡ്ജറ്റ്  പ്രസംഗം മുഴുവന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച മറച്ചു വെക്കാനുള്ള വാചകക്കസര്‍ത്താണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി എന്ന് വീമ്പിളക്കുമ്പോള്‍, പ്രതിശീര്‍ഷ വരുമാനത്തില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന കാര്യം വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നു ശിവദാസന്‍ ആരോപിച്ചു.

കേവലം സമ്പദ് വ്യവസ്ഥയുടെ വലുപ്പമാണ്  മാനദണ്ഡം എങ്കില്‍ പാകിസ്താനും ബംഗ്‌ളാദേശും, ഫിന്‍ലന്‍ഡ് നേക്കാളും ന്യൂസീലാന്‍ഡിനെക്കാളുമൊക്കെമെച്ചമാണ് എന്ന് പറയേണ്ടി വരും.  എന്നാല്‍ മനുഷ്യവികസന സൂചിക നോക്കുമ്പോള്‍, ഫിന്‍ലാന്‍ഡ് പതിനൊന്നാമതാണ്. പാകിസ്ഥാന്‍ 161 മതും.  എന്നാല്‍ ബിജെപി സര്‍ക്കാറിന്റെ   കണക്കില്‍ പാക്കിസ്ഥാന്‍ ഫിന്‍ലന്‍ഡിനേക്കാള്‍ മികച്ചതാണ് എന്ന് പറയേണ്ടി വരും. 

ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം , 2004 ല്‍ 624 ഡോളര്‍ ആയിരുന്നു . ഇത് 2014 ല്‍ 1438 ഡോളര്‍ ആയി വളര്‍ന്നു. അതായത് ഏകദേശം 2.3 മടങ്ങായി വളര്‍ന്നു.എന്നാല്‍    2022 ല്‍പ്രതിശീര്‍ഷ വരുമാനം  2389 ഡോളറാണ്.. അതായത് 1.66 മടങ്ങു മാത്രമാണ് വളര്‍ന്നത്.  

എന്നാല്‍ ഇതേ കാലയളവില്‍ , നമ്മുടെ തൊട്ടപ്പുറത്ത് കിടക്കുന്ന ദരിദ്ര രാജ്യം വിശേഷിക്കപ്പെട്ടിരുന്ന ബംഗ്ലാദേശിന്, 2014 ല്‍ പ്രതിശീര്‍ഷവരുമാനം 974 ഡോളര്‍ മാത്രമായിരുന്നു .  എന്നാല്‍ 2022 ല്‍ അത് 2688 ഡോളര്‍ ആയി . അതായത് 2.75 മടങ്ങു വര്‍ധനയാണുള്ളത്. എന്തുകൊണ്ടാണ് ഇന്ത്യ പിന്നോക്കം പോയത് എന്ന് ചോദിക്കേണ്ടതിന് പകരം,  പരാജയം മറച്ചു വെച്ച് ആഘോഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി.