തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ശ്യാമള ടീച്ചറുടെ പൊതുപര്യടനത്തിന് ആവേശകരമായ തുടക്കം
തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയുടെ പൊതുപര്യടനത്തിന്റെ ആദ്യദിവസം തന്നെ വലിയ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച പര്യടനത്തിന് സ്വീകരണകേന്ദ്രങ്ങളിലെല്ലാം ആവേശം നിറഞ്ഞ തിരക്കായിരുന്നു. തുടർഭരണവുമായി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്ന ഉറച്ച നിലപാടുമായെത്തിയ പ്രവർത്തകരും അനുഭാവികളും കേന്ദ്രങ്ങളിൽ നിറഞ്ഞുനിന്നു.
തളിപ്പറമ്പ് : തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയുടെ പൊതുപര്യടനത്തിന്റെ ആദ്യദിവസം തന്നെ വലിയ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച പര്യടനത്തിന് സ്വീകരണകേന്ദ്രങ്ങളിലെല്ലാം ആവേശം നിറഞ്ഞ തിരക്കായിരുന്നു. തുടർഭരണവുമായി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്ന ഉറച്ച നിലപാടുമായെത്തിയ പ്രവർത്തകരും അനുഭാവികളും കേന്ദ്രങ്ങളിൽ നിറഞ്ഞുനിന്നു.
വാണിയങ്കരയിൽ പി. സന്തോഷ് കുമാർ എം.പി പര്യടനം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതീകമാണെന്നും അത് ഒരുദിവസം കൊണ്ടുണ്ടായ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും മനുഷ്യാന്തസും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ വളർച്ചയിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടെന്നും, ഈ തിരഞ്ഞെടുപ്പിലും ചരിത്രവിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൂളിച്ചാൽ, ഞാത്തിൽ, പുന്നക്കുളങ്ങര, അയ്യങ്കോൽ, തളിയിൽ, കൊവ്വൽ, കുറ്റിയിൽ വായനശാല, കണിച്ചേരി കിസാൻ വായനശാല, ഓരിച്ചാൽ, നണിച്ചേരി രക്തസാക്ഷി വായനശാല, മുയ്യം സെൻട്രൽ, വരഡൂൽ എന്നിവിടങ്ങളിലൂടെയായിരുന്നു പര്യടനം കടന്നുപോയത്. എല്ലായിടങ്ങളിലും ആവേശോജ്വല സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. പര്യടനം വടക്കാഞ്ചേരിയിൽ സമാപിച്ചു.
സ്വീകരണകേന്ദ്രങ്ങളിൽ കെ. സന്തോഷ്, സി.എം. കൃഷ്ണൻ, ഷിബിൻ കാനായി, കെ.വി. ഗോപിനാഥ്, ടി.വി. നാരായണൻ, ടി.ജെ. ജയിംസ്, കെ. സാജൻ, അനിൽ പുതിയവീട്ടിൽ, മീത്തൽ കരുണാകരൻ, മുജീബ് റഹ്‌മാൻ, ഉത്തമൻ വേലിക്കാത്ത്, സി.കെ. ഷോന, ടി.പി. അഖില എന്നിവർ സംസാരിച്ചു.
ഇതിന് മുൻപ് രാവിലെ മോറാഴ കോളേജ്, പട്ടുവം അപ്ലൈഡ് സയൻസ് കോളേജ്, കൂവോട് ആശുപത്രി (എഫ്‌എച്ച്‌സി), ഏഴാംമൈൽ ഗാർമെന്റ്സ്, സഹകരണ ആശുപത്രി, നേഴ്‌സിംഗ് സ്കൂൾ, നേഴ്‌സിംഗ് കോളേജ് എന്നിവിടങ്ങളിലും സ്ഥാനാർഥി സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചു.