100 ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെ കണ്ടെത്താനായില്ല; ചൊക്ലിയിൽ ഇന്ന് ജനകീയ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും

00 ദിവസം പിന്നിടുമ്പോഴും ശിവസൂര്യ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ നിർണായക വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

 

തലശേരി :ശിവ സൂര്യയെ തേടിയുള്ള ഒരു നാടിന്റെ കാത്തിരിപ്പിനും  കുടുംബത്തിന്റെ വറ്റാത്ത കണ്ണീരും തുടരുന്നു. 100 ദിവസം പിന്നിടുമ്പോഴും ശിവസൂര്യ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ നിർണായക വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിലെ വീഴ്ചകളും ഫലപ്രദമല്ലാത്ത നടപടികളും ഉയർത്തുന്ന ചോദ്യങ്ങൾക്കിടയിൽ നീതി തേടി ജനകീയ പ്രതിഷേധം ശക്തമാകുകയാണ്.

കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ വീട്ടിൽനിന്ന് കാണാതായത്. ആദ്യഘട്ടത്തിൽ വിവിധ അന്വേഷണങ്ങൾ നടന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പ്രാഥമിക അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ചും അന്വേഷണത്തിന്റെ രീതികളെക്കുറിച്ചും നിരവധി പരാതികൾ ഉയർന്നിരുന്നു. ഒടുവിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ശിവസൂര്യയെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തത് കുടുംബത്തെയും നാട്ടുകാരെയും കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.

ഈ സാഹചര്യത്തിലാണ് നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം ശക്തമാക്കാൻ പുതിയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. കാഞ്ഞിരം ടൗണിൽ മാർച്ച് സമാപിച്ചതിന് ശേഷം നടക്കുന്ന പ്രതിഷേധ ധർണ്ണ കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

മുൻ കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനൻ, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ അഡ്വ. മനോജ് കുമാർ, മുതിർന്ന അഭിഭാഷകൻ പി.എ. പൗരൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ശിവസൂര്യയുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും.

100 ദിവസം പിന്നിട്ടിട്ടും ഉത്തരം ലഭിക്കാത്ത ഒരു തിരോധാനത്തിന് മുന്നിൽ ഇനിയും മൗനം തുടരാനാകില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. ശിവസൂര്യയെ കണ്ടെത്തണം, അന്വേഷണത്തിലൂടെ ദുരൂഹതകൾ നീക്കണം, കുടുംബത്തിന് നീതി ഉറപ്പാക്കണം — ഈ ആവശ്യങ്ങളുയർത്തിയാണ് ചൊക്ലിയിൽ ഇന്ന് ജനകീയ പ്രതിഷേധം നടക്കുന്നത്.