മുതിര്‍ന്ന സി പി ഐ നേതാവ് വി കെ രാഘവന്‍ വൈദ്യര്‍ അന്തരിച്ചു

മുതിർന്ന സിപിഐ നേതാവും പേരാവൂർ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റുമായിരുന്ന മണത്തണ സീനാ നിവാസിലെ വി കെ രാഘവൻ വൈദ്യർ(84) അന്തരിച്ചു. പാർട്ടി സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻമാരിൽ ഒരാളുമായിരുന്നു വൈദ്യർ. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം,വളണ്ടിയർ ക്യാപറ്റൻ എന്നീ നിലകളിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച രാഘവന്‍ വൈദ്യര്‍ പാർട്ടി സഖാക്കളുടെയും പൊതു സമൂഹത്തിന്റെയും പ്രിയങ്കരനായ നേതാവായിരുന്നു.

 

മണത്തണ : മുതിർന്ന സിപിഐ നേതാവും പേരാവൂർ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റുമായിരുന്ന മണത്തണ സീനാ നിവാസിലെ വി കെ രാഘവൻ വൈദ്യർ(84) അന്തരിച്ചു. പാർട്ടി സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻമാരിൽ ഒരാളുമായിരുന്നു വൈദ്യർ. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം,വളണ്ടിയർ ക്യാപറ്റൻ എന്നീ നിലകളിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച രാഘവന്‍ വൈദ്യര്‍ പാർട്ടി സഖാക്കളുടെയും പൊതു സമൂഹത്തിന്റെയും പ്രിയങ്കരനായ നേതാവായിരുന്നു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,മണത്തണ ഗവണ്മെന്റ് ഹയർസെക്കന്‍ഡറി സ്കൂൾ പി ടി എ പ്രസിഡന്റ് തുടങ്ങിയ  ചുമതലകളും നിർവഹിച്ച രാഘവൻ വൈദ്യർ പൊതു അംഗീകാരം നേടിയ നേതാവുമായിരുന്നു. ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  മണത്തണയിലെ നാട്ടു വൈദ്യ രംഗത്ത് അറിയപ്പെട്ട അദ്ദേഹം പ്രഗത്ഭനായ കളരി ഗുരുക്കൾ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.ആയോധന കലകളിൽ പ്രവീണ്യം നേടിയ അദ്ദേഹത്തിന് നിരവധി ശിഷ്യരുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പിന് ശേഷം കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചും കേരളത്തിലാകെയും പാർട്ടി പ്രവർത്തകർക്ക്  വ്യായാമവും മർമ്മചികിൽസയും നൽകിയ വൈദ്യർ പാർട്ടിക്ക് കരുത്തായിരുന്നു. മണത്തണ ടൗണിലെ വീടും തന്റെ  മരുന്ന് കടയും   പാർട്ടിയുടെ പ്രവർത്തന കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്.കേരളത്തിലാകെ യാത്രചെയ്തു പാർട്ടിയുടെ വളണ്ടിയർമാർക്ക്  സ്വയം സംരക്ഷണത്തിനുള്ള പരിശീലനം നൽകി.വളണ്ടിയർ ക്യാമ്പുകളിൽ വൈദ്യ സഹായവും അദ്ദേഹം നൽകിയിരുന്നു. ബീഹാറിലുൾപ്പടെ ഇന്ത്യയിലെ പല ഭാഗത്തും പാർട്ടി വളണ്ടിയർമാർക്ക് പരിശീലനം നൽകാൻ രാഘവൻ വൈദ്യർ മാസങ്ങളോളം ചെലവഴിച്ചു.  

ഭാര്യ :  രാധ. മക്കൾ :  സുമ, സുനിൽ, സീന, സുകേഷ്, സുജീഷ്. മരുമക്കൾ :  മുരളീധരൻ, ലിസ, സതീശൻ,സീന നിഷ.സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,പന്ന്യൻ രവീന്ദ്രൻ ,ദേശീയ സെക്രട്ടേറിയറ്റ് അംഗം  ആനി രാജ,അഡ്വ പി സന്തോഷ് കുമാർ എം പി , കെ ഇ ഇസ്മായിൽ എന്നിവർ അനുശോചിച്ചു. സംസ്ഥാന എക്സി.അംഗങ്ങളായ സി എൻ ചന്ദ്രൻ,സി പി മുരളി,ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ , ജില്ല അസി.സെക്രട്ടറി എ പ്രദീപൻ,ജില്ലാ എക്സി.അംഗങ്ങളായ സി വിജയൻ,അഡ്വ വി ഷാജി,പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ,കെ പി കുഞ്ഞികൃഷ്‌ണൻ,സി കെ ചന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.