പൈവളിഗയിൽ കണ്ടത്‌ കോൺഗ്രസിന്റെ സംഘവരിവാർ പ്രീണനം: ഇ പി ജയരാജൻ

പൈവളിഗ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസ്‌ പിന്തുണച്ചത്‌ അവരുടെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ
 

കണ്ണൂർ: പൈവളിഗ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസ്‌ പിന്തുണച്ചത്‌ അവരുടെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. സമീപകാലത്ത്‌ കോൺഗ്രസ്‌ മൃദുഹിന്ദുത്വ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. 

എൽഡിഎഫ്‌ പ്രതിനിധിയായ പ്രസിഡന്റിനെ ബിജെപി സഹായത്തോടെ പുറത്താക്കാൻ കോൺഗ്രസ്‌ ശ്രമിച്ചപ്പോൾ അവരുടെ ഘടകകക്ഷിയായ മുസ്ലിംലീഗ്‌ അംഗങ്ങൾ എതിർത്ത്‌ വോട്ടുചെയ്‌തു. കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനം മുസ്ലിംലീഗിനും  സ്വീകാര്യമല്ലാത്ത രാഷ്ട്രീയ സാഹചര്യമാണുള്ളത്‌. 

പൈവളിഗയിൽ അതിന്റെ തുടർച്ചയാണ്‌ വ്യക്തമായത്‌. രാജ്യമെങ്ങും മതന്യൂനപക്ഷങ്ങൾക്കെതിരെ കടന്നാക്രമങ്ങൾ നടക്കുമ്പോൾ കോൺഗ്രസ്‌ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇതിനെല്ലാം ഒത്താശചെയ്യുകയാണ്‌. മുഴുവൻ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും കോൺഗ്രസിന്റെ സംഘപരിവാർ പ്രീണന നയം തിരിച്ചറിയണമെന്നും ഇ പി പ്രസ്‌താവനയിൽ പറഞ്ഞു.