തലശ്ശേരി കോടതി സമുച്ചയത്തിൽ എസ് ബി ഐ എക്സ്റ്റൻഷൻ കൗണ്ടർ
തലശ്ശേരികോടതി സമുച്ചയത്തിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനമാരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ അഡ്വ എ.എൻ. ഷംസീർ. എസ് ബി ഐ ഉന്നത ഉദ്യോഗസ്ഥരുമായി സ്പീക്കറിന്റെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
തലശ്ശേരി : തലശ്ശേരികോടതി സമുച്ചയത്തിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനമാരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ അഡ്വ എ.എൻ. ഷംസീർ. എസ് ബി ഐ ഉന്നത ഉദ്യോഗസ്ഥരുമായി സ്പീക്കറിന്റെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും പണമിടപാടുകൾക്കും സഹായകരമായ നിലയിൽ ബാങ്ക് കൗണ്ടർ അനുവദിക്കണമെന്ന ബാർ കൗൺസിലിന്റെയും കോടതി അധികൃതരുടെയും ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
കിഫ്ബി സഹായത്തോടെ എട്ട് നിലകളിലായി നിർമ്മിച്ച തലശ്ശേരിയിലെ പുതിയ അത്യാധുനിക കോടതി സമുച്ചയം നിലവിൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കോടതി കെട്ടിടമാണ്. ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കിയാൽ പുതിയ ബ്രാഞ്ച് ആരംഭിക്കാനുള്ള സന്നദ്ധത ബാങ്ക് അധികൃതർ അറിയിച്ചു. നയപരമായ തീരുമാനമെടുക്കേണ്ടതിനാൽ അക്കാര്യം പിന്നീട് പരിഗണിക്കും.
തലശ്ശേരി സ്റ്റേഡിയത്തിനും സ്റ്റേറ്റ് ബാങ്കിനുമിടയിലായി സ്ഥിതിചെയ്യുന്ന ഗുണ്ടർട്ട് സ്‌ക്വയർ നവീകരിക്കുന്നതിന് സ്റ്റേറ്റ് ബാങ്കിന്റെ സഹായം നൽകും. സ്റ്റേറ്റ് ബാങ്ക് സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ബ്രാൻഡിംഗ് ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി, ജനറൽ മാനേജർ രാജേഷ് കുമാർ മീണ, ടി. മനോഹരൻ നായർ, എസ്.കെ അർജ്ജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.