ദേശപ്പെരുമ മാഹാത്മ്യങ്ങളെ കെട്ടുകഥകളായി തള്ളരുതെന്ന് സതീഷ്  നമ്പൂതിരിപ്പാട് 

 

കണ്ണൂർ:ദേശപ്പെരുമകളിലും ഐതിഹ്യങ്ങളും കെട്ടുകഥകളാണെന്നു പറഞ്ഞു തള്ളുകയല്ല  അക്കഥകളിലെ ഗുണപാഠമാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഡയറക്ടർ കുറുമാത്തൂർ സതീഷ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു.41 ദിവസമായി നടന്നുവന്നിരുന്ന ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം മണ്ഡല മഹോത്സവ സമാപന സഭ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഡയറക്ടർ . കോലങ്ങളുടെ നാടായ ചിറക്കലിലെ സ്ഥലപുരാണകഥകൾ ഉദാഹരിച്ച് അദ്ദേഹം വിശദീകരിച്ചു. 


ചിറക്കൽ ചിറ നവീകരണവും  ചാമുണ്ഡി കോട്ടം പെരും കളിയാട്ടവും ദേശത്തിന്റെ പുനരുദ്ധാരണത്തെയാണ് എടുത്തു കാട്ടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥലം, സമയം സന്ദർഭം എന്നിവ ഇതിൽ പ്രധാനം അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂർ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദ പുരി അനുഗ്രഹ ഭാഷണം നടത്തി. പദ്മശ്രീ എസ്.ആർ.ഡി.പ്രസാദ്, ഡോ.സി.കെ. അശോക വർമ്മ, സി.കെ.സുരേഷ് വർമ്മ പ്രസംഗിച്ചു.ചിറക്കൽ കോവിലകം കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാൾ സി.കെ. രാമവർമ്മ രാജ അധ്യക്ഷത വഹിച്ചു.